ജമൈക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത (വീഡിയോ)

ശക്തമായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതിനെത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരമായി പുറത്തേക്കോടി.

Update: 2020-01-29 01:38 GMT

കിങ്സ്റ്റണ്‍: ജമൈക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തയ ഭൂചലനമാണുണ്ടായത്. ജമൈക്കയില്‍നിന്ന് 80 മൈല്‍ അകലെ ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അതിശക്തമായ ഭൂചലനം രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ജമൈക്ക, ക്യൂബ, ബ്ലെയിസ്, ഹോണ്ടൂറാസ് എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജോര്‍ജ് ടൗണിലെ കേമാന്‍ ദ്വീപുകളില്‍ 0.4 അടി ഉയരത്തില്‍ സുനാമി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജമൈക്കയിലെ പോര്‍ട്ട് റോയല്‍, ഡൊമിനിക്കന്‍ റിപബ്ലിക്കിലെ പ്യൂര്‍ട്ടോ പ്ലാറ്റ എന്നിവിടങ്ങളില്‍ സുനാമി രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രഭവകേന്ദ്രത്തിനടുത്തുള്ള തീരങ്ങളില്‍ സുനാമി തിരമാലകളുണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്ന് നാഷനല്‍ വെതര്‍ സര്‍വീസിന്റെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അതുകൊണ്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിരുന്നു.

ശക്തമായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതിനെത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരമായി പുറത്തേക്കോടി. പലരും മേശകള്‍ക്കിടിയിലും മറ്റും അഭയം പ്രാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.  

Tags:    

Similar News