മ്യാന്‍മറിലെ തായ് അതിര്‍ത്തിയില്‍ സൈന്യത്തിന്റെ വ്യോമാക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു

Update: 2021-03-28 14:59 GMT

നേപിഡോ: മ്യാന്‍മറിലെ തായ് അതിര്‍ത്തിയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍. ഫെബ്രുവരി ഒന്നിലെ അട്ടിമറിക്കുശേഷം മ്യാന്‍മര്‍ സൈന്യം തുടരുന്ന കൂട്ടക്കൊലകളുടെ തുടര്‍ച്ചയായാണ് ശനിയാഴ്ചയും ആക്രമണം അഴിച്ചുവിട്ടത്. തായ് അതിര്‍ത്തിക്കടുത്തുള്ള ഗ്രാമത്തിലാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. പാപ്പൂണ്‍ ജില്ലയിലെ ഡേ പു നോയെ യുദ്ധവിമാനങ്ങള്‍ ആക്രമിച്ചതായി തെക്കുകിഴക്കന്‍ മേഖലയെ നിയന്ത്രിക്കുന്ന സായുധ വംശീയ ഗ്രൂപ്പായ കാരെന്‍ നാഷനല്‍ യൂനിയന്‍ (കെഎന്‍യു) പറഞ്ഞു.


 ബ്രിഗേഡ് 5 സേനയുടെ കൈവശമാണ് പ്രദേശം. വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി എട്ടുമണിയോടെ ഗ്രാമീണര്‍ പ്രദേശത്തുനിന്ന് പലായനം ചെയ്തു തുടങ്ങിയതായും യൂനിയന്‍ അറിയിച്ചു. അവര്‍ പ്രദേശത്തേക്ക് ബോംബാക്രമണം നടത്തി. ഇതില്‍ രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ ആളപായമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെന്നുമാണ് റിപോര്‍ട്ടുകള്‍.

ആക്രമണം സംബന്ധിച്ച് ഭരണകൂടത്തിന്റെ വക്താവിനെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. ഈ പ്രദേശത്തെ വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ആക്രമണമാണ് ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട വ്യോമാക്രമണം. 2015 ല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചിരുന്നുവെങ്കിലും ഫെബ്രുവരി ഒന്നിന് ആങ് സാന്‍ സൂച്ചിയുടെ സര്‍ക്കാരിനെ സൈന്യം അട്ടിമറിച്ചതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ആക്രമണം ഭയന്ന് പലരും വീടിന് പുറത്തിറങ്ങാന്‍പോലും മടിക്കുകയാണ്. ഗ്രാമവാസികള്‍ പ്രാണരക്ഷാര്‍ഥം കട്ടിലുകളുടെ അടിയില്‍പോലും അഭയം പ്രാപിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Tags:    

Similar News