പാക് ടെലിവിഷന്‍ അവതാരകനും രാഷ്ട്രീയക്കാരനുമായ ആമിര്‍ ലിയാഖത്ത് മരിച്ച നിലയില്‍
വീട്ടില്‍ മരണാസന്നനായി കണ്ടെത്തിയ ലിയാഖത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇസ്‌ലാമാബാദ്: പാകിസ്താനിലെ പ്രമുഖ ടെലിവിഷന്‍ അവതാരകനും തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി മുന്‍ എംപിയുമായ ആമിര്‍ ലിയാഖത്തിനെ (49) മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടില്‍ മരണാസന്നനായി കണ്ടെത്തിയ ലിയാഖത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബുധനാഴ്ച രാത്രി ലിയാഖത്തിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നെങ്കിലും ആശുപത്രിയില്‍ പോവാന്‍ തയാറായില്ല.
വ്യാഴാഴ്ച രാവിലെ ലിയാഖത്തിന്റെ മുറിയില്‍ നിന്ന് നിലവിളി കേട്ടതായി അദ്ദേഹത്തിന്റെ ജീവനക്കാരനായ ജാവേദിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മുറിയിലേക്കെത്തിയ വീട്ടിലെ ജോലിക്കാര്‍ മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് മുറിയുടെ വാതില്‍ തകര്‍ത്താണ് അകത്ത് പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ആമിര്‍ ലിയാഖത്ത് 2002 ലാണ് ആദ്യമായി അസംബ്ലിയില്‍ എത്തുന്നത്. അന്ന് എംക്യുഎം പാര്‍ട്ടിയുടെ പ്രതിനിധിയായിരുന്ന ഇദ്ദേഹം, 2004ല്‍ ഷൗക്കത് അസീസ് മന്ത്രിസഭയില്‍ മതകാര്യ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.