അമേരിക്കന്‍ കോണ്‍ഗ്രസിലെ മുസ്‌ലിം വനിതകള്‍ക്ക് സന്ദര്‍ശന വിലക്ക്: ഇസ്രായേല്‍ നടപടിക്കെതിരേ ഫലസ്തീന്‍

Update: 2019-08-16 13:06 GMT

റാമല്ല: അമേരിക്കന്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങളായ മുസ്‌ലിം വനിതകളെ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയ ഇസ്രയേല്‍ നടപടി അപലപനീയമാണെന്നു ഫലസ്തീന്‍. ഡെമോക്രാറ്റിക് അംഗങ്ങളായ റാഷിദാ ത്വെയ്ബ്, ഇല്‍ഹാന്‍ ഉമര്‍ എന്നിവരെയാണ് വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ തടഞ്ഞത്. റാഷിദാ ത്വെയ്ബിനും ഇല്‍ഹാന്‍ ഉമറിനും ഇസ്രയേലിനോട് വെറുപ്പാണെന്നും ജൂതന്‍മാരെ അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഇസ്രായേല്‍ അധിനിവേശം നടത്തിയ സ്ഥലങ്ങളിലെ ഫലസ്തീന്‍ ജനതക്കു ലോകത്തോടു സംസാരിക്കാനുള്ള അവസരമാണ് സന്ദര്‍ശന വിലക്കേര്‍പെടുത്തിയതിലൂടെ ഇസ്രായേല്‍ ഇല്ലാതാക്കിയതെന്നു ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ഹനാന്‍ അശ്‌റവി പറഞ്ഞു. എല്ലാ നയതന്ത്ര മര്യാദകളും ലംഘിച്ചാണ് ഇസ്രായേല്‍ ഇത്തരത്തില്‍ നപടി എടുത്തത്. ഫലസ്തീന്‍ ജനതയോടു മാത്രമല്ല, യുഎസിലെ ജനങ്ങളോടും ജനപ്രതിനിധികളോടുമുള്ള അപമര്യാദയാണ് ഇസ്രായേല്‍ നടപടിയെന്നും അശ്‌റവി വ്യക്തമാക്കി.

ഇസ്രയേലിന്റെ നടപടിയോടുകൂടി ഡെമോക്രാറ്റുകള്‍ ഇസ്രയേല്‍ അംബാസിഡര്‍ റോണ്‍ ഡെര്‍മറിനെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. തങ്ങളുടെ നിലപാടുകള്‍ ജൂതന്‍മാര്‍ക്കെതിരല്ലെന്നും ഫലസ്തീനികളെ അക്രമിക്കുന്ന ഇസ്രയേല്‍ എന്ന രാഷ്ട്രത്തിനെതിരാണെന്നും റാഷിദാ ത്വെയ്ബും ഇല്‍ഹാന്‍ ഉമറും പറഞ്ഞു. അതേസമയം, അമേരിക്കന്‍ കോണ്‍ഗ്രസിലെ സ്പീക്കര്‍ നാന്‍സി പെലോസി ഇസ്രയേല്‍ നടപടി നിരാശാജനകമാണെന്ന് അറിയിച്ചു. ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ നിരന്തരം ശബ്ദിക്കുകയും വംശീയപരാമര്‍ശങ്ങള്‍ക്കെതിരേ പ്രതികരിക്കുകയും ചെയ്യുന്നവരാണ് റാഷിദാ ത്വെയ്ബും ഇല്‍ഹാന്‍ ഉമറും. 

Tags:    

Similar News