ദോഹ: ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ചെറുത്ത് നില്‍പ്പ് നടത്തുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍. ഖത്തര്‍ മ്യൂസിയത്തിന്റെ കെട്ടിടങ്ങളില്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചു.മേഖലയില്‍ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘര്‍ഷം ഉടലെടുത്തത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ നിന്ന് പിന്‍വാങ്ങാനും സമാധാനം പുനസ്ഥാപിക്കാനുമാണ് യുഎഇയുടെയും ഖത്തറിന്റെയും ഒമാന്റെയും ആഹ്വാനം. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ അവകാശവും സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ പോലിസിന്റെ സാന്നിധ്യത്തില്‍ അല്‍ അഖ്‌സ പള്ളിയിലുണ്ടായ സംഘര്‍ഷമാണ് സ്ഥിതി വഷളാക്കിയതെന്ന ഇസ്രയേലിനെതിരായ വിമര്‍ശനവും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.
ഫലസ്തീന്റെ അവകാശങ്ങള്‍ക്കാപ്പം നില്‍ക്കുക. അതേസമയം, മേഖലയുടെ താല്‍പര്യം മുന്‍നിര്‍ത്തി ഇസ്രായേലുമായി സഹകരിക്കാവുന്ന മേഖലകളില്‍ യോജിച്ചു മുന്നോട്ട് പോകുക. ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാതിരിക്കുമ്പോഴും ഇതായിരുന്നു പ്രധാന അറബ് രാജ്യങ്ങളുടെ നിലപാട്. ഫലസ്തീന്‍ പ്രശ്‌നം പരിഹരിച്ചാല്‍ ഇസ്രായേലുമായി ചര്‍ച്ചയാകാമെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഇസ്രായേലുമായി വ്യാപാര ബന്ധങ്ങള്‍ യുഎഇയും മെച്ചപ്പെടുത്തിയിരുന്നു. ഇതിനില്‍ അപ്രതീക്ഷിതമായി ഉടലെടുത്ത സംഘര്‍ഷമാണ് സ്ഥിതി വഷളാക്കുന്നത്. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി, റെയില്‍-കപ്പല്‍പ്പാത ഉള്‍പ്പടെ വമ്പന്‍ പദ്ധതികള്‍ ഭാവിയില്‍ കൊണ്ടുവരാന്‍ ജി20 ഉച്ചകോടിയില്‍ ധാരണയായി പിരിഞ്ഞിരുന്നു. ഇതിനിടയിലാണ് മേഖല അശാന്തിയിലേക്ക് വഴിമാറുന്നത്.
അതേസമയം, മൂന്ന് ദിവസമായിട്ടും ഹമാസ് ഭീഷണിയില്‍ നിന്ന് മുക്തമാകാതെ ഇസ്രയേല്‍. കൊല്ലപ്പെട്ടവരുടെ എണ്ണം എഴുന്നൂറ് കടന്നു. ഹമാസിന്റെ പിടിയിലുള്ള 130 -ലേറെ ബന്ദികളെ ജീവനോടെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ വഴിമുട്ടി. 95 ലക്ഷത്തോളം ഇസ്രയേലികള്‍ മൂന്നാം ദിവസവും വീടുകള്‍ക്കുള്ളില്‍ ഭീതിയോടെ കഴിയുകയാണ്.