ഇസ്രായേല്‍ -ഫലസ്തീന്‍ സംഘര്‍ഷത്തില്‍ യുഎസ് പ്രമേയം വീറ്റോ ചെയ്ത് റഷ്യ

Update: 2023-10-26 05:35 GMT
വാഷിങ്ടണ്‍: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗം തേടി യുഎന്‍ രക്ഷാസമിതി നടത്തിയ ചര്‍ച്ച ഇത്തവണയും വിഫലം. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് സംഘര്‍ഷം ആരംഭിച്ച ശേഷം യുഎന്‍ രക്ഷാസമിതി യോഗം ഇതു നാലാം തവണയാണ് സമവായമില്ലാതെ പിരിയുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഎസ് അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തു. ഇസ്രായേലിന്റെ പേരു പരാമര്‍ശിക്കാതെ, രാജ്യങ്ങള്‍ക്കു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഎസ് പ്രമേയം.

വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയത്തിനും മതിയായ പിന്തുണ ലഭിച്ചില്ല. ഇതു രണ്ടാം തവണയാണ് റഷ്യ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നത്. അതേസമയം, തടവിലുള്ള ബന്ദികളെ എല്ലാവരെയും മോചിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ഹമാസിനോട് ആവശ്യപ്പെട്ടു. ഇവരെ തടവിലാക്കിയിട്ട് ഇരുപതു ദിവസത്തോളമായ സാഹചര്യത്തില്‍ ആരോഗ്യസ്ഥിതി പരിഗണിച്ച് വിട്ടയക്കണമെന്നാണ് ആവശ്യം.

അതിനിടെ, ഇസ്രായേല്‍ കരയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്നാല്‍, കരയുദ്ധം എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം സൂചനകളൊന്നും നല്‍കിയില്ല. ഇപ്പോഴത്തെ പോരാട്ടം ഒരു തുടക്കം മാത്രമാണെന്നും, കരയുദ്ധം എതുനിമിഷവും ഉണ്ടാകാമെന്നുള്ള സൂചനയാണ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ നെതന്യാഹു നല്‍കിയത്.ഇസ്രായേലിന്റെ ഉപരോധം കാരണം ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗസയിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ലുഎ. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് ഗസയിലെ 35 ആശുപത്രികളില്‍ 15 എണ്ണം പൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗസയിലേക്കുള്ള വൈദ്യുതിയുടെ പകുതിയും ഇസ്രായേലില്‍ നിന്നാണ് എത്തുന്നത്. അത് തടഞ്ഞിരിക്കുകയാണ്.

ഇതോടെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകളാണ് ആശ്രയം. ഇതിനായുള്ള ഇന്ധനം തീര്‍ന്ന അവസ്ഥയിലാണ്. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയയ്ക്കുംവരെ ഗസയിലേക്ക് വൈദ്യുതി നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേല്‍. വൈദ്യുതി, ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് ഗസയില്‍ കടല്‍വെള്ളം ശുദ്ധീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലാണ്.





Tags:    

Similar News