റസ്റ്റോറന്റുകളും ജിമ്മുകളും ഹോട്ടലുകളും കൊവിഡ് തീവ്രവ്യാപനകേന്ദ്രങ്ങളെന്ന് പഠനം

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെയും നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റിയിലെയും ഗവേഷകര്‍ അമേരിക്കയിലുടനീളമുള്ള നഗരങ്ങളില്‍ മാര്‍ച്ച് മുതല്‍ മെയ് വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനറിപോര്‍ട്ട് തയ്യാറാക്കിയത്.

Update: 2020-11-12 07:08 GMT

വാഷിങ്ടണ്‍: ലോക്ക് ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, ഹോട്ടലുകള്‍ എന്നിവ വീണ്ടും പൂര്‍ണതോതില്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പുമായി പഠനസംഘം. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ അപകടകരമായ തീവ്രകൊവിഡ് വ്യാപനകേന്ദ്രങ്ങളാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെയും നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റിയിലെയും ഗവേഷകര്‍ അമേരിക്കയിലുടനീളമുള്ള നഗരങ്ങളില്‍ മാര്‍ച്ച് മുതല്‍ മെയ് വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനറിപോര്‍ട്ട് തയ്യാറാക്കിയത്.

റെസ്റ്റോറന്റുകള്‍, ജിമ്മുകള്‍, ഹോട്ടലുകള്‍ എന്നിവ വീണ്ടും തുറക്കുന്നത് കൊവിഡ് പടരുന്നതിന്റെ ഏറ്റവും വലിയ അപകടമാണെന്ന് 98 ദശലക്ഷം ആളുകളില്‍നിന്നുള്ള മൊബൈല്‍ ഫോണ്‍ ഡാറ്റാ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആളുകള്‍ എവിടേക്കാണ് പോയത്, എത്രനാള്‍ താമസിച്ചു, എത്രപേര്‍ അവിടെയുണ്ട്, ഏത് അയല്‍പ്രദേശങ്ങളില്‍നിന്നാണ് അവര്‍ സന്ദര്‍ശിക്കുന്നത് എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. കൊവിഡ് കേസുകളുടെ എണ്ണം, വൈറസ് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളുമായി ഈ വിവരങ്ങള്‍ സംയോജിപ്പിച്ച് അണുബാധയുടെ വ്യാപനമെങ്ങനെയെന്ന് കണ്ടെത്തുകയാണ് ചെയ്തത്.

ഉദാഹരണമായി ചിക്കാഗോയില്‍ റസ്റ്റോറന്റുകള്‍ പൂര്‍ണശേഷിയില്‍ വീണ്ടും തുറക്കുകയാണെങ്കില്‍ ആറുലക്ഷം പുതിയ വൈറസ് കേസുകള്‍ സൃഷ്ടിക്കുമെന്നാണ്. മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി. നേച്ചര്‍ ജേണലില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനറിപോര്‍ട്ടില്‍ പരിശോധിച്ച 10 ശതമാനം സ്ഥലങ്ങളിലാണ് അണുബാധയില്‍ 85 ശതമാനവും കണ്ടെത്തിയത്. അതേസമയം, വൈറസിനെ തടയാന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് റിപോര്‍ട്ട് അഭിപ്രായപ്പെടുന്നു.

മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പ്രതിരോധ നടപടിയിലൂടെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റി കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനും പ്രബന്ധത്തിലെ പ്രധാന കണ്ണിയുമായ ജ്യൂര്‍ ലെസ്‌കോവെക് പറഞ്ഞു. സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുമ്പോള്‍ വ്യത്യസ്ത സാഹചര്യങ്ങള്‍ പരിശോധിക്കാനും വൈറസിന്റെ വ്യാപനത്തിന് എന്താണ് അര്‍ഥമാക്കുന്നതെന്ന് വിലയിരുത്താനും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Similar News