കര്‍ണാടകയില്‍ റെസ്റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും പബ്ബുകള്‍ക്കും മദ്യവില്‍പ്പനയ്ക്ക് അനുമതി
പാര്‍സല്‍ നല്‍കുന്നതിനാണ് അനുമതി. ഇവിടെ ഇരുന്നുകുടിക്കാന്‍ സാധിക്കില്ല. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവര്‍ത്തനസമയം.
ബംഗളൂരു: ബാറുകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, ക്ലബ്ബുകള്‍ എന്നിവയ്ക്ക് എംആര്‍പി വിലയില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഞായറാഴ്ച മുതല്‍ മെയ് 17 വരെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി. ലോക്ക് ഡൗണ്‍ കാലത്ത് ഇവിടങ്ങളിലുള്ള നിലവിലെ സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യുന്നതിനാണിത്. പാര്‍സല്‍ നല്‍കുന്നതിനാണ് അനുമതി. ഇവിടെ ഇരുന്നുകുടിക്കാന്‍ സാധിക്കില്ല. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവര്‍ത്തനസമയം. മെട്രോ കാഷ് ആന്റ് കാരിക്കും സമാനമായി മദ്യം മെയ് 17വരെ മദ്യം വില്‍ക്കാന്‍ അനുമതിയുണ്ട്.
വൈന്‍ ബോട്ടിക്കുകള്‍ക്കും അവരുടെ സ്റ്റോക്ക് വില്‍ക്കാന്‍ സാധിക്കും. അവര്‍ക്ക് അവസാന തിയ്യതി നിശ്ചയിച്ചിട്ടില്ല. കര്‍ണാടക എക്സൈസ് വകുപ്പിന്റെ ഉത്തരവ് പ്രകാരം സിഎല്‍-4 (ക്ലബ്ബുകള്‍), സിഎല്‍-7(ഹോട്ടല്‍-ലോഡ്ജ്), സിഎല്‍-9 (ബാര്‍) എന്നിവയുടെ ലൈസന്‍സ്ഡ് ഉടമകള്‍ക്ക് അനുമതി ബാധകമാണ്. ഭക്ഷണം പാര്‍സല്‍ നല്‍കുന്നതിനും അനുമതിയുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടായിരിക്കും വില്‍പന. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിക്കണം. മുദ്രചെയ്ത ബോട്ടിലുകളേ വില്‍ക്കാന്‍ പാടുള്ളൂ. ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും അനുമതി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.
കര്‍ണാടക ബിവറേജ് കോര്‍പറേഷനുകളില്‍നിന്ന് പുതിയ സ്റ്റോക്ക് എത്തിച്ച് ക്ലബ്ബുകളും റെസ്റ്റോറന്റുകളും വഴി വില്‍ക്കുന്നത് അനുവദിക്കില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ആറുമാസത്തെ കാലാവധിയുള്ള ബിയര്‍ പോലുള്ളവ വില്‍ക്കാതിരുന്നാല്‍ തങ്ങളുടെ സ്റ്റോക്കുകള്‍ നശിക്കുമെന്ന് ബാര്‍, റെസ്റ്റോറന്റ് ഉടമകളുടെ അസോസിയേഷനുകള്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു 40 ദിവസങ്ങള്‍ക്കുശേഷം തിങ്കളാഴ്ചയാണ് കര്‍ണാടകയില്‍ മദ്യശാലകള്‍ തുറന്നത്. ചൊവ്വാഴ്ച മാത്രം 200 കോടിയുടെ മദ്യവില്‍പ്പനയാണ് കര്‍ണാടകയില്‍ നടന്നത്.