റഷ്യന്‍ സൈന്യം കിഴക്കന്‍ ഉക്രെയ്‌നിലേക്ക്; യുദ്ധ മുനമ്പില്‍ യൂറോപ്പ്, ഉപരോധ ഭീഷണിയുമായി ഇയു
സൈന്യം ഉക്രെയ്‌നിലേക്ക് നീങ്ങിത്തുടങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മോസ്‌കോ/കിയേവ്: കിഴക്കന്‍ ഉക്രെയ്‌നിലെ വിമത നിയന്ത്രണത്തിലുള്ള രണ്ട് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിന് പിന്നാലെ മേഖലയിലേക്ക് സൈന്യത്തെ അയച്ച് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. സൈന്യം ഉക്രെയ്‌നിലേക്ക് നീങ്ങിത്തുടങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യന്‍ സേന ഇതിനോടകം തന്നെ ഉക്രെയ്‌നില്‍ പ്രവേശിച്ചു എന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്.പുടിന്റെ പുതിയ നീക്കത്തിന് പിന്നാലെ, റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മേധാവി ഭീഷണിപ്പെടുത്തി.
ഉക്രേനിയന്‍ വിഘടനവാദി മേഖലകളെ അംഗീകരിച്ചതിനും ഉക്രെയ്ന്‍ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചതിനും റഷ്യക്കെതിരേ യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ജോസഫ് ബോറല്‍ പറഞ്ഞു.
അതേസമയം, തങ്ങള്‍ക്ക് ഭയമില്ലെന്നും പാശ്ചത്യ രാജ്യങ്ങളില്‍ നിന്ന് പൂര്‍ണ പിന്തുണയുണ്ടെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ സമാധാനം ഉറപ്പുവരുത്താനാണ് സൈനിക നീക്കം എന്നാണ് റഷ്യയുടെ പ്രതികരണം. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ സ്വതന്ത്രമാകാന്‍ ഉക്രെയ്ന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്‌സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്.
അതിനിടെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഉക്രെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേര്‍ന്നു.
രാഷ്ട്രത്തോടുള്ള ടെലിവിഷന്‍ പ്രസംഗത്തില്‍, പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഉക്രെയ്‌നിന്റെ അന്താരാഷ്ട്ര സഖ്യകക്ഷികളില്‍ നിന്ന് 'വ്യക്തവും ഫലപ്രദവുമായ പിന്തുണാ നടപടികള്‍' ആവശ്യപ്പെട്ടു.