റഷ്യ ടിവി ടവറുകള്‍ തകര്‍ത്തു; യുക്രെയ്ന്‍ ചാനലുകളുടെ സംപ്രേക്ഷണം നിലച്ചു
കീവിലെ സുരക്ഷാ ആസ്ഥാനത്തിന് സമീപം റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ടിവി ചാനലുകളുടെ ടവറുകള്‍ക്ക് നേരെയും ആക്രമണമുണ്ടായത്.
കീവ്: യുെ്രെകനിലെ ടിവി ചാനലുകളുടെ സിഗ്‌നല്‍ ടവറുകള്‍ ലക്ഷ്യമാക്കി റഷ്യന്‍ ആക്രമണം. ബോംബ് ആക്രമണത്തെ തുടര്‍ന്ന് വാര്‍ത്താ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ടിവി ചാനലുകളുടെ സംപ്രേഷണം നിലച്ചു.
കീവിലെ സുരക്ഷാ ആസ്ഥാനത്തിന് സമീപം റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ടിവി ചാനലുകളുടെ ടവറുകള്‍ക്ക് നേരെയും ആക്രമണമുണ്ടായത്. കീവിലെ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷനിലേക്ക് ആക്രമണം നടത്തുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ചുറ്റുവട്ടങ്ങളിലുള്ള ആളുകള്‍ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
അതിനിടെ, ഖാര്‍ക്കീവില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി യുെ്രെകന്‍ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഖാര്‍ക്കീവിലെ ഒരു ഭരണ കാര്യാലയം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകരുന്നതിന്റെ വീഡിയോ യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു.
അതേസമയം, റഷ്യയും യുക്രെയ്‌നും തമ്മില്‍ രണ്ടാംവട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച നാളെ നടക്കുമെന്നാണ് സൂചന. ഒന്നാംഘട്ട ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാ പിന്‍മാറ്റം എന്ന ആവശ്യത്തില്‍ യുക്രെയ്ന്‍ ഉറച്ചുനിന്നിരുന്നു.