യുക്രെയ്ന്‍ തലസ്ഥാനത്തെ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം; കീവില്‍ തെരുവ് യുദ്ധം; കീഴടങ്ങില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ്

ഇന്നലെ രാത്രിയിലെ കനത്ത വെടിവയ്പിനും സ്‌ഫോടനങ്ങള്‍ക്കും പിന്നാലെയാണ് തെരുവ് യുദ്ധം ആരംഭിച്ചത്.

Update: 2022-02-26 10:25 GMT

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ തെരുവ് യുദ്ധം. റഷ്യന്‍ അധിനിവേശം മൂന്നാം ദിവസത്തേക്ക് പ്രവേശിച്ചതിനു പിന്നാലെയാണ് തലസ്ഥാന നഗരത്തില്‍ റഷ്യന്‍ സൈന്യവുമായി നേര്‍ക്കുനേര്‍ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. ഇന്നലെ രാത്രിയിലെ കനത്ത വെടിവയ്പിനും സ്‌ഫോടനങ്ങള്‍ക്കും പിന്നാലെയാണ് തെരുവ് യുദ്ധം ആരംഭിച്ചത്.

ശനിയാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ നഗരത്തിലെ താമസക്കാര്‍ വീടുകളില്‍ തുടരാനും ജനാലകളിലേക്കോ ബാല്‍ക്കണികളിലേക്കോ പോകുന്നത് ഒഴിവാക്കണമെന്നും വെടിയുണ്ടകള്‍ ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണമെന്നും നിര്‍ദേശിച്ചു.

അതേസമയം, അധിനിവേശ സൈന്യത്തിനു മുമ്പില്‍ കീഴടങ്ങില്ലെന്നും തന്റെ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍ക്‌സ്‌കി പ്രതിജ്ഞയെടുത്തു.

അതിനിടെ, യുക്രേനിയന്‍ നഗരമായ മെലിറ്റോപോളിന്റെ നിയന്ത്രണം പിടിച്ചെടുത്തതായും വ്യോമ, സമുദ്ര അധിഷ്ഠിത ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ സൈനിക ഇന്‍ഫ്രാസ്ട്രക്ചര്‍ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിച്ചതായും റഷ്യന്‍ സൈന്യം അറിയിച്ചു. അതേസമയം, റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയ ഭീമനായ ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയെ അതിന്റെ പ്ലാറ്റ്‌ഫോമില്‍ പരസ്യങ്ങള്‍ കാണിക്കുന്നതില്‍ നിന്നും ധനസമ്പാദനത്തില്‍ നിന്നും വിലക്കിയിട്ടുണ്ട്.

യുദ്ധം ആരംഭിച്ചതിന് ശേഷം 50,000ത്തിലധികം യുക്രേനിയക്കാര്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തതെന്നാണ് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, രാജ്യത്തുനിന്നു രക്ഷപ്പെടാനുള്ള സഹായവാഗ്ദാനം യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ നിരസിച്ചതായി യുഎസ് സ്ഥിരീകരിച്ചു. 'ഇവിടെ പോരാട്ടം നടക്കുകയാണ്. തനിക്ക് സവാരിയല്ല, മറിച്ച് ആയുധങ്ങളാണ് വേണ്ടതെന്ന്' യുക്രെയ്ന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇപ്പോള്‍ സെലെന്‍സ്‌കി എവിടെയാണെന്നുള്ള വിവരം രഹസ്യമാണ്. പ്രസിഡന്‍ഷ്യല്‍ ഓഫീസിന് പുറത്ത് മുതിര്‍ന്ന സഹായികള്‍ക്കൊപ്പം താനും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തലസ്ഥാനത്തുണ്ടെന്ന് പറയുന്ന വീഡിയോ അദ്ദേഹത്തിന്റെ ഓഫീസ് പിന്നീട് പുറത്തുവിട്ടിരുന്നു.

റഷ്യയുമായി ലോകകപ്പ് മത്സരം കളിക്കില്ലെന്ന് പോളണ്ട്

യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം റഷ്യയ്‌ക്കെതിരെ ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മത്സരം കളിക്കില്ലെന്ന് പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സെസാരി കുലെസ്സ പറഞ്ഞു. 'യുക്രെയ്‌നിനെതിരായ റഷ്യന്‍ ഫെഡറേഷന്റെ ആക്രമണത്തിന്റെ വെളിച്ചത്തില്‍, പോളിഷ് ദേശീയ ടീം റഷ്യന്‍ റിപ്പബ്ലിക്കിനെതിരെ മത്സരം കളിക്കില്ല'- കുലെസ്സ ട്വിറ്ററില്‍ പറഞ്ഞു.

'ഇത് മാത്രമാണ് ശരിയായ തീരുമാനം. ഫിഫയ്ക്ക് ഒരു പൊതു നിലപാട് അവതരിപ്പിക്കാന്‍ ഞങ്ങള്‍ സ്വീഡിഷ്, ചെക്ക് അസോസിയേഷനുമായി ചര്‍ച്ച നടത്തുകയാണ്.

റഷ്യന്‍ അധിനിവേശത്തില്‍ 198 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍

മൂന്ന് കുട്ടികളടക്കം 198 സിവിലിയന്മാര്‍ ഇതുവരെ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ ആരോഗ്യമന്ത്രി പറഞ്ഞു.'നിര്‍ഭാഗ്യവശാല്‍, പ്രവര്‍ത്തന ഡാറ്റ അനുസരിച്ച്, ആക്രമണകാരികളുടെ കൈകളാല്‍ 3 കുട്ടികള്‍ ഉള്‍പ്പെടെ ഞങ്ങളുടെ 198 പേര്‍ മരിച്ചു, 33 കുട്ടികളടക്കം 1,115 പേര്‍ക്ക് പരിക്കേറ്റു' ആരോഗ്യമന്ത്രി വിക്ടര്‍ ലിയാഷ്‌കോ ഫേസ്ബുക്കില്‍ കുറിച്ചു.

Tags:    

Similar News