റഷ്യയില്‍ പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു

Update: 2021-08-01 01:17 GMT
റഷ്യയില്‍ പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു

മോസ്‌കോ: റഷ്യയില്‍ പരിശീലന പറക്കലിനിടെ എന്‍ജിന്‍ തകരാറുണ്ടായതിനെത്തുടര്‍ന്ന് വിമാനം തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച റഷ്യയില്‍നിന്ന് അല്‍പം അകലെയുള്ള കിഴക്കന്‍ മേഖലയിലെ ഖാബറോവ്‌സ്‌ക് ടെറിട്ടറിയിലാണ് സംഭവം. റഷ്യയുടെ യുദ്ധവിമാനമായ സു-35 എസ് ഫൈറ്റര്‍ വിമാനമാണ് തകര്‍ന്നത്.

വിമാനം കടലിലേക്ക് വീണതിനാല്‍ മറ്റ് അപകടങ്ങളൊഴിവായി. പൈലറ്റിനെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി പുറത്തെത്തിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രക്ഷപ്പെട്ട പൈലറ്റിനെ ഉടന്‍തന്നെ കണ്ടെത്തി ഹോം ബേസിലെത്തിക്കുകയായിരുന്നുവെന്നും പൈലറ്റിന് ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News