യമനിലെ വ്യോമാക്രമണം നിഷേധിച്ച് അറബ് സഖ്യസേന;സംയമനം പാലിക്കണമെന്ന് യുഎസും യുഎന്നും

വടക്കന്‍ നഗരത്തിലെ ഒരു താല്‍ക്കാലിക തടങ്കല്‍ കേന്ദ്രത്തില്‍ പുലര്‍ച്ചെയുണ്ടായ ബോംബാക്രമണത്തില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് യമനിലെ ഹൂഥി വിമത ഗ്രൂപ്പിലെയും മെഡിക്കല്‍ ചാരിറ്റിയായ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിലെയും (മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് അല്ലെങ്കില്‍ എംഎസ്എഫ്) ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

Update: 2022-01-22 09:01 GMT

സന്‍ആ: വടക്കന്‍ യമനി നഗരമായ സഅദയിലെ ജയിലില്‍ ബോംബാക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേദിച്ച് സൗദി നേതൃത്വത്തിലുള്ള സഖ്യ സേന. യമനില്‍ അറബ് സഖ്യസേന നടത്തിയ അതിമാരകമായ വ്യോമാക്രമണത്തെ യുഎന്‍ അപലപിച്ചതിനു പിന്നാലെയാണ് വ്യോമാക്രമണ റിപോര്‍ട്ടുകള്‍ നിഷേധിച്ച് സഖ്യസേന മുന്നോട്ട് വന്നത്.

വടക്കന്‍ നഗരത്തിലെ ഒരു താല്‍ക്കാലിക തടങ്കല്‍ കേന്ദ്രത്തില്‍ പുലര്‍ച്ചെയുണ്ടായ ബോംബാക്രമണത്തില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് യമനിലെ ഹൂഥി വിമത ഗ്രൂപ്പിലെയും മെഡിക്കല്‍ ചാരിറ്റിയായ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിലെയും (മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് അല്ലെങ്കില്‍ എംഎസ്എഫ്) ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

ആക്രമണത്തിന് പിന്നില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണെന്ന് ഹൂതി വിമതര്‍ ആരോപിച്ചു. ആക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരും കൊല്ലപ്പെട്ടവരും നൂറിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. പലരുടെയും പരുക്ക് ഗുരുതരമാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ട്. ദീര്‍ഘകാലമായി സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്ന് യുഎസും യുഎന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വടക്ക് ഭാഗത്തെ ഇറാന്‍ പിന്തുണയുള്ള ഹൂഥികള്‍ നടത്തുന്ന താല്‍ക്കാലിക തടങ്കല്‍ കേന്ദ്രമാണിത്.

രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും രാജ്യത്തിന്റെ വടക്കന്‍ മേഖല നിയന്ത്രിക്കുന്ന ഹൂഥി സര്‍ക്കാരിലെ ആരോഗ്യമന്ത്രി താഹ അല്‍മുതവക്കല്‍ പുറത്തുവിട്ടു. മരണസംഖ്യ കുറഞ്ഞത് 70 ആണെന്നും 138 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ശനിയാഴ്ചയാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഉത്തരവാദിത്തം നിഷേധിച്ച് രംഗത്തെത്തിയത്. കഴിഞ്ഞയാഴ്ച യുഎഇയിലെ സര്‍ക്കാര്‍ എണ്ണ ടാങ്കറുകള്‍ക്കും അബൂദബി വിമാനത്താവളത്തിന് സമീപവും ഹൂഥി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം തൊട്ടടുത്ത ദിവസം യുഎഇയുടെ പിന്തുണയുള്ള സൗദി സഖ്യസേന യമനില്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വീണ്ടും വ്യോമാക്രമണമുണ്ടായത്.

Tags:    

Similar News