ചൈനീസ് എംബസിയിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് ചൈന
ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അർത്ഥപൂർണമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് ചൈനയുടെ നീക്കം.
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് ചൈനയുടെ അസാധാരണ നീക്കം. എത്ര പേരെ പിൻവലിച്ചുവെന്നോ, എന്തിനാണ് ഈ നീക്കമെന്നോ വ്യക്തതയില്ല. ഇന്ത്യ ടുഡേയാണ് വാർത്ത റിപോർട്ട് ചെയ്തത്.
ജോലിയുടെ ഭാഗമായി നടക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്ന് ചൈനീസ് എംബസി വൃത്തങ്ങൾ പറയുന്നു. ഇന്ത്യൻ ജീവനക്കാരുമായി മികച്ച ബന്ധമാണ് സൂക്ഷിക്കുന്നത് എന്നും എംബസി കൂട്ടിച്ചേർത്തു.
ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അർത്ഥപൂർണമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് ചൈനയുടെ നീക്കം. ചർച്ചകൾ ഫലപ്രദമാകാത്ത സാഹചര്യത്തിൽ അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതിർത്തി സംഘർഷങ്ങൾക്കു പിന്നാലെ ടിക് ടോക് അടക്കമുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മെയ് മാസങ്ങളിലാണ് കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം കടന്നു കയറിയിരുന്നത്. ജൂൺ 15ന് ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.