പൈലറ്റ് തിരിച്ചെത്തും വരെ രാഷ്ട്രീയ പ്രസംഗം നിര്‍ത്തൂ; മോദിയോട് ഉമര്‍ അബ്ദുല്ല
തടവിലുള്ള പൈലറ്റിനോട് മാന്യമായി പെരുമാറാന്‍ പാകിസ്താന്‍ തയ്യാറാവണം
ജമ്മു കശ്മീര്‍: പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തുംവരെ എല്ലാ രാഷ്ട്രീയ പരിപാടികളും റദ്ദാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയുടെ അഭ്യര്‍ഥന. ഐഎഎഫ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാന്‍ സുരക്ഷിതമായി തിരിച്ചെത്തുന്നതുവരെ മോദി എല്ലാ രാഷ്ട്രീയ പരിപാടികളും റദ്ദാക്കണം. നമ്മുടെ പൈലറ്റ് പാകിസ്താന്‍ തടവറയില്‍ കിടക്കുമ്പോഴല്ല രാജ്യത്തെ നികുതി അടയ്ക്കുന്നവരുടെ ചെലവും രാഷ്ട്രീയ പ്രസംഗവും കൂട്ടിമുട്ടിക്കേണ്ട സമയം. തടവിലുള്ള പൈലറ്റിനോട് മാന്യമായി പെരുമാറാന്‍ പാകിസ്താന്‍ തയ്യാറാവണം. നിങ്ങളുടെ സൈനികന്‍ ഇവിടെ അകപ്പെട്ടാല്‍ എങ്ങനെ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് പോലെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മിഗ് 21 വിമാനം നഷ്ടപ്പെട്ടിരുന്നുവെന്നും വ്യോമസേന പൈലറ്റിനെ കാണാതായെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ മിഗ് വിമാനം വെടിവച്ചിട്ടെന്നും പൈലറ്റ് കസ്റ്റഡിയിലാണെന്നുമുള്ള പാകിസ്താന്റെ അവകാശവാദത്തിനു പിന്നാലെയാണ് ഇന്ത്യയുടെ സ്ഥിരീകരണം.