സുദാന്‍ പ്രക്ഷേഭം: പത്താംദിനവും സംഘര്‍ഷഭരിതം
വെള്ളിയാഴ്ച നിരവധി പ്രതിഷേധമാര്‍ച്ചുകള്‍ക്കും പ്രക്ഷോഭ സമരങ്ങള്‍ക്കുമാണ് രാജ്യത്തിന്റെ വിവിധ നഗരങ്ങള്‍ സാക്ഷ്യം വഹിച്ചത്.
കാര്‍ത്തൗം: ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും ക്രമാതീതമായി വില വര്‍ധിച്ചതിനെ തുടര്‍ന്ന് സുദാനില്‍ ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 19നാരംഭിച്ച പ്രക്ഷോഭത്തിന്റെ പത്താം ദിനമായ വെള്ളിയാഴ്ച നിരവധി പ്രതിഷേധമാര്‍ച്ചുകള്‍ക്കും പ്രക്ഷോഭ സമരങ്ങള്‍ക്കുമാണ് രാജ്യത്തിന്റെ വിവിധ നഗരങ്ങള്‍ സാക്ഷ്യം വഹിച്ചത്. ജുമുഅ നമസ്‌കാരത്തിനു ശേഷം നഗരങ്ങളില്‍ ഒരുമിച്ചു കൂടിയാണ് പ്രക്ഷോഭകര്‍ പ്രതിഷേധ സമരമാരംഭിച്ചത്. കാര്‍ത്തൗം, ഓംദുര്‍മാന്‍, പോര്‍ട്ട് സുദാന്‍, അബ്ത്താര, മദനി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സമരത്തില്‍, പ്രക്ഷോഭകര്‍ക്കു നേരെ പോലിസ് കണ്ണീര്‍വാതകവും ഗ്രനോഡുകളും പ്രയോഗിച്ചു. പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുവെന്നാരോപിച്ച് സിദ്ദീഖ്, സുദാന്‍ കമ്മ്യൂനിസ്റ്റ് പാര്‍ട്ടി നേതാവ് യൂസുഫ് തുടങ്ങി പത്തോളം നേതാക്കളെ പോലിസ് അറസ്റ്റു ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച യോഗത്തിലെത്തിയാണ് നേതാക്കളെ അറസ്റ്റു ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അറസ്റ്റു വാര്‍ത്ത സുരക്ഷാ ഏജന്‍സികള്‍ നിഷേധിച്ചു. കാര്‍ത്തൗമിലും ഓംദുര്‍മാനിലും സമരക്കാര്‍ക്കു നേരെ പോലിസ് നടത്തിയ ഗ്രനേഡാക്രമണത്തില്‍ നിരവധി പ്രക്ഷോഭകര്‍ക്കു പരിക്കേറ്റു. പ്രക്ഷോഭത്തിനിടക്ക് ഇതുവരെ 19 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 37 പേര്‍ മരിച്ചുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പെടും. രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ തോതില്‍ വില വര്‍ധിച്ചതും സാമ്പത്തിക തകര്‍ച്ചയുമാണ് ജനങ്ങളെ സര്‍ക്കാരിനെതിരേ തെരുവിലിറക്കിയത്. അടുത്ത ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി. ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാവുമെന്നാണ് കരുതുന്നത്.