ഇസ്രായേല്‍ കപ്പലുകളെ ഇന്ത്യന്‍ മഹാസമുദ്രത്തിലും ആഫ്രിക്കയിലും ആക്രമിക്കുമെന്ന് ഹൂത്തികള്‍
ഗസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കാന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 34 ഹൂത്തി പോരാളികള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.ഇതുവരെ ഇസ്രായേലുമായി ബന്ധമുള്ള 73 കപ്പലുകളെ ആക്രമിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ബാബ് അല്‍ മന്ദബ് കടലിടുക്ക് വഴി അപൂര്‍വമായേ ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകള്‍ കടന്നുപോകാറുള്ളൂ എന്നും ചൂണ്ടിക്കാട്ടി.
'ഈ വാരം, ചെങ്കടലിലും അറബിക്കടലിലും ഏദന്‍ കടലിടുക്കിലുമായി 12 കപ്പലുകള്‍ക്ക് നേരെ ഓപ്പറേഷന്‍ നടത്തി. ആകെ 58 മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് നടത്തിയത്. ഞങ്ങളുടെ ഓപ്പറേഷന്‍ ഈ പ്രാവശ്യം അപ്രതീക്ഷിത മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൂന്ന് ആക്രമണങ്ങള്‍ നടത്തി. കപ്പലുകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ 73ലെത്തിയിരിക്കുകയാണ്,' അബ്ദുല്‍ മാലിക് അല്‍ ഹൂത്തി പറഞ്ഞു.ശത്രുക്കള്‍ പ്രതീക്ഷിക്കാത്ത മേഖലകളിലും സ്ഥലങ്ങളിലും തങ്ങളുടെ ഓപ്പറേഷന്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗസയിലെ ആക്രമണം തടയുകയും ജനങ്ങളെ പട്ടിണിക്കിടുന്നത് അവസാനിപ്പിക്കുകയുമല്ലാതെ അമേരിക്കയുടെയും ബ്രിട്ടന്റെയും മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.