ടിക്‌ടോക്ക് ഐഎസ് പ്രചാരണ മാധ്യമമാക്കുന്നു; നിരവധി അക്കൗണ്ടുകള്‍ നീക്കം ചെയ്തു
സോഷ്യല്‍ മീഡിയ ഇന്റലിജന്‍സ് കമ്പനിയായ സ്റ്റോറിഫുളിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
വാഷിങ്ടണ്‍: ഐസ് ആശയത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ടിക്‌ടോക്ക് ഉപയോഗപ്പെടുത്തുന്നതായി റിപോര്‍ട്ട്. സോഷ്യല്‍ മീഡിയ ഇന്റലിജന്‍സ് കമ്പനിയായ സ്റ്റോറിഫുളിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സിറിയയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ ഐസ് പ്രചാരണപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു.
ഐസ് പ്രവര്‍ത്തകര്‍ തോക്കുമായി പരേഡ് നടത്തുന്നത്, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍, പോരാട്ടത്തിനിറങ്ങാന്‍ പ്രേരിപ്പിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ തുടങ്ങിയവ ടിക് ടോക്ക് വഴി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വാള്‍സ്ട്രീറ്റ് ജേണലിലെ റിപോര്‍ട്ടിനെ തുടര്‍ന്ന് ഐഎസിന്റെ പ്രചാരണത്തിന് സഹായിക്കുന്ന വീഡിയോകള്‍ പുറത്തുവിട്ട ഒരു ഡസനോളം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ടിക് ടോക്ക് അറിയിച്ചു. ഭീകര സംഘടനകളെ പ്രോല്‍സാഹിപ്പിക്കുന്ന ഒന്നിനും ടിക്ടോക്കില്‍ സ്ഥാനമുണ്ടാവില്ലെന്നും അത്തരം അക്കൗണ്ടുകള്‍ നീക്കംചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.
500 ദശലക്ഷം വ്യൂവേഴ്‌സ് ഉള്ള ടിക് ടോക്കിന്റെ വീഡിയോകളില്‍ വംശീയവിദ്വേഷം, അക്രമം, സൈബര്‍ ഭീഷണി തുടങ്ങിയവ അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആപ്പിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്കും മറ്റും ഭീഷണിയാവുന്നതായി ചൂണ്ടിക്കാട്ടി ഏതാനും ആഴ്ച്ച ടിക്ക് ടോക്ക് നിരോധിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ സ്വഭാവമുള്ള ടിക് ടോക്ക് വീഡിയോകളില്‍ മുന്നില്‍ നില്‍ക്കുന്നത് ആര്‍എസ്എസ്, റാംമന്ദിര്‍, ബിജെപി തുടങ്ങിയ ഹാഷ് ടാഗുകളോടു കൂടിയുള്ളവയാണ്. വര്‍ഗീയ ധ്രുവീകരണ സ്വഭാവത്തിലുള്ളവയാണ് ഇവയില്‍ ഭൂരിഭാഗം വീഡിയോകളും.
അനുയോജ്യമല്ലാത്ത വീഡിയോകള്‍ നീക്കം ചെയ്യുന്നതിന് 20 രാജ്യങ്ങളിലായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നാണ് ടിക് ടോക്ക് അവകാശപ്പെടുന്നത്. 36 ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരാണ് ഈ സംഘം.