ടിക് ടോക് നിരോധം ഒരാഴ്ചത്തേക്ക് നീട്ടി യുഎസ്
'സമീപകാലത്തെ ചില നല്ല സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ്' ഈ തീരുമാനമെന്ന് യുഎസ് വാണിജ്യ വകുപ്പ് വ്യക്തമാക്കി.
വാഷിങ്ടണ്‍: ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനുള്ള ഡൗണ്‍ലോഡിങ് വിലക്ക് ഈ മാസം 27 വരെ നീട്ടിവെക്കുന്നതായി യുഎസ് വാണിജ്യ വകുപ്പ് ശനിയാഴ്ച പ്രഖ്യാപിച്ചു. 'സമീപകാലത്തെ ചില നല്ല സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ്' ഈ തീരുമാനമെന്ന് യുഎസ് വാണിജ്യ വകുപ്പ് വ്യക്തമാക്കി.
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ ഒറാക്കിളിനെ ഒരു സാങ്കേതിക പങ്കാളിയായും വാള്‍മാര്‍ട്ടിനെ ബിസിനസ് പങ്കാളിയായും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദിഷ്ട കരാര്‍ ടിക് ടോക് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വാണിജ്യ വകുപ്പ് ഇക്കാര്യം അറിയിച്ചത്.
നേരത്തേ, അമേരിക്കയില്‍ ആപ്പ് നിരോധനം നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് സര്‍ക്കാരിനെ തടയണമെന്ന് ആവശ്യപ്പെട്ട് ടിക് ടോക് കോടതിയെ സമീപിച്ചിരുന്നു. ഞായറാഴ്ച്ച ഏര്‍പ്പെടുത്താന്‍ പോകുന്ന വിലക്ക് ചോദ്യം ചെയ്താണ് ടിക് ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡും വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്. സെപ്റ്റംബര്‍ 20 മുതല്‍ ചൈനീസ് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വി ചാറ്റ്, ടിക് ടോക്ക് എന്നി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് യുഎസ് വാണിജ്യ വകുപ്പ് വെള്ളിയാഴ്ചയാണ് നിരോധനം പ്രഖ്യാപിച്ചത്.
രാഷ്ട്രീയ കാരണങ്ങളാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ടിക്ക് ടോക്കും ബൈറ്റ്ഡാന്‍സും പരാതിയില്‍ ആരോപിച്ചു. അതിനാല്‍ ഈ നിരോധനം കമ്പനിയുടെ മൗലികാവകാശങ്ങളെ ലംഘിക്കും എന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം പ്രതിദിനം വഷളാകുന്നതിനിടയിലാണ് ഞായറാഴ്ച മുതല്‍ യുഎസ് വാണിജ്യ വകുപ്പ് ടിക് ടോക്കിനെ ബ്ലോക്ക് ചെയ്യുന്നത് .
രാജ്യത്ത് ടിക് ടോക് നിരോധിക്കുന്നതോടെ ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും മറ്റ് ആപ്പ് സ്‌റ്റോറുകളില്‍ നിന്നും ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യപ്പെടും. അമേരിക്കയില്‍ ഒരുകോടിയിലധികം ഉപയോക്താക്കളാണ് ടിക്ക് ടോക്കിന് ഉള്ളത്. അതിനാല്‍ ആപ്പ് നിരോധിച്ചാല്‍ അമേരിക്കയില്‍ ടിക് ടോക്കിന്റെ വ്യവസായത്തെ തന്നെ തകര്‍ക്കുമെന്നാണ് ടിക് ടോക് പറയുന്നത്.