ട്രംപിന്റെ ആരോഗ്യനിലയില്‍ പുരോഗതി; അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്ന് റിപോര്‍ട്ട്
ചുമയും ജലദോഷവും ക്ഷീണവും കുറഞ്ഞുവരികയുമാണെന്ന് വാള്‍ട്ടര്‍ റീഡ് സൈനിക മെഡിക്കല്‍ സെന്ററില്‍ ട്രംപിനെ പ്രവേശിപ്പിച്ചശേഷം ആദ്യം പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ആശങ്കാജനകമായ സ്ഥിതിയുണ്ടെന്നും 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ട്രംപ് എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്യുന്നുണ്ട്. 24 മണിക്കൂറിനിടെ അദ്ദേഹത്തിന് പനിയുണ്ടായിട്ടില്ല.
അദ്ദേഹത്തിന് അധികമായി ഓക്‌സിജന്റെ പിന്തുണ നല്‍കുന്നില്ല. ചുമയും ജലദോഷവും ക്ഷീണവും കുറഞ്ഞുവരികയുമാണെന്ന് വാള്‍ട്ടര്‍ റീഡ് സൈനിക മെഡിക്കല്‍ സെന്ററില്‍ ട്രംപിനെ പ്രവേശിപ്പിച്ചശേഷം ആദ്യം പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഹൃദയത്തിന്റെയും വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനങ്ങളെല്ലാം സാധാരണനിലയിലാണ്.
ഡോക്ടര്‍മാര്‍ ഇക്കാര്യങ്ങളെല്ലാം പ്രത്യേകം നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കല്‍ ടീം അംഗം സീന്‍ ഡൂലി പ്രതികരിച്ചു. 48 മണിക്കൂറിനുശേഷം മാത്രമെ രോഗത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂവെന്ന് ചില വൃത്തങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയംസ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.