ഡ്രോണ്‍ നയതന്ത്രത്തിലൂടെ ആഫ്രിക്കയില്‍ ചുവടുറപ്പിച്ച് തുര്‍ക്കി
സിറിയ, ലിബിയ, നഗോര്‍ണോ-കറാബാഖ് തുടങ്ങിയ ഇടങ്ങളിലെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ തുര്‍ക്കിയുടെ സൈനിക ഇടപെടല്‍ വിലയിരുത്തുമ്പോള്‍ സൈനിക വിജയങ്ങള്‍ക്കു പിന്നില്‍ ചാലക ശക്തിയായി വര്‍ത്തിച്ചത് അവരുടെ അത്യാധുനിക ഡ്രോണുകളുടെ തിണ്ണമിടുക്ക് തന്നെയാണ്.
ആങ്കറ: അത്യാധുനിക സാങ്കേതിക വിദ്യയും മികച്ച പ്രഹരശേഷിയും മേളിച്ച തുര്‍ക്കിയുടെ ഡ്രോണുകള്‍ (ആളില്ലാ വിമാനങ്ങള്‍) ആഗോള ആയുധ വിപണിയില്‍ വന്‍ ചര്‍ച്ചയാണിപ്പോള്‍. സിറിയ, ലിബിയ, നഗോര്‍ണോ-കറാബാഖ് തുടങ്ങിയ ഇടങ്ങളിലെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ തുര്‍ക്കിയുടെ സൈനിക ഇടപെടല്‍ വിലയിരുത്തുമ്പോള്‍ സൈനിക വിജയങ്ങള്‍ക്കു പിന്നില്‍ ചാലക ശക്തിയായി വര്‍ത്തിച്ചത് അവരുടെ അത്യാധുനിക ഡ്രോണുകളുടെ തിണ്ണമിടുക്ക് തന്നെയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആയുധക്കയറ്റുമതി രാജ്യത്തിക സാമ്പത്തികമായി വളര്‍ച്ചയെ ത്വരിതപ്പെടുത്തിയതിനൊപ്പം രാഷ്ട്രീയ ഇടപെടലുകള്‍ക്കുള്ള ഇടവും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈ വില്‍പ്പനകള്‍ 'ഡ്രോണ്‍ ഡിപ്ലോമസി' എന്ന പുതിയ പദത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചിരിക്കുകയാണ്. 2015നും 2019നും ഇടയില്‍, ആഫ്രിക്കന്‍ ആയുധ വിപണിയില്‍ 49 ശതമാനവും കൈയടക്കി റഷ്യ നിര്‍ണായക കളിക്കാരനാണെങ്കിലും തുര്‍ക്കി ആയുധങ്ങളോടുള്ള പ്രിയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വളരുകയാണെന്ന് സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (SIPRI) റിപോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം തുര്‍ക്കിയില്‍വച്ച് നടന്ന ത്രിദിന തുര്‍ക്കി-ആഫ്രിക്ക പങ്കാളിത്ത ഉച്ചകോടിയുടെ പ്രധാന വിഷയം തുര്‍ക്കിയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണമായിരുന്നു.
13 പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 39 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ഉന്നത മന്ത്രിമാരും ഇസ്താംബൂളില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തി സൈനിക സഹകരണത്തിനുള്ള അജണ്ട തയ്യാറാക്കുകയും ചെയ്തു.
സത്യം പറഞ്ഞാല്‍, ആഫ്രിക്കന്‍ നേതാക്കള്‍ തുര്‍ക്കിയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ വാങ്ങാനുള്ള അവസരങ്ങള്‍ തേടുന്നതിന്റെ പ്രധാന കാരണം, കുറഞ്ഞ ഉപാധികളും താരതമ്യേന കുറഞ്ഞ വിലയുമാണ്.
ബെറാക്താര്‍ ടിബി2 ഡ്രോണുകള്‍ പോലുള്ള കുറഞ്ഞ വിലയുള്ള സായുധ ടര്‍ക്കിഷ് സൈനിക ഉപകരണങ്ങള്‍ ആഫ്രിക്കയിലെ ഭാവി യുദ്ധങ്ങളില്‍ പ്രാധാന പങ്കുവഹിക്കുമെന്നതില്‍ സംശയമില്ല.
വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, തുര്‍ക്കി ഡ്രോണുകള്‍ 'ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുള്ള വിലകുറഞ്ഞതും ഫലപ്രദവുമായ യുദ്ധവാഹനങ്ങളാല്‍ ഭാവിയിലെ യുദ്ധം രൂപപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിക്കുന്നു.'
'ആറ് ടര്‍ക്കിഷ് ബെയ്‌രക്തര്‍ ടിബി2 ഡ്രോണുകള്‍, ഗ്രൗണ്ട് യൂണിറ്റുകള്‍, മറ്റ് അവശ്യ പ്രവര്‍ത്തന ഉപകരണങ്ങള്‍ എന്നിവയ്ക്ക് കേവലം ദശലക്ഷക്കണക്കിന് ഡോളര്‍ മാത്രം ചെലവ് വരുമ്പോള്‍,
അമേരിക്കന്‍ എംക്യു9ന് ബില്യണ്‍ കണക്കിന് ഡോളറാണ് ചെലവ് വരുന്നതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഉര്‍ദുഗാന്‍ തെക്കന്‍ ആഫ്രിക്കന്‍ രാജ്യത്തേക്ക് നടത്തിയ പ്രഥമ സന്ദര്‍ശനത്തിനിടെ ആളില്ലാ വിമാനങ്ങള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അംഗോള മുന്നോട്ട് വന്നിരുന്നു.
'ഹ്രസ്വകാലത്തേക്ക്, തങ്ങളുടെ വാര്‍ഷിക ഉഭയകക്ഷി വ്യാപാര തോത് നിലവിലെ 250 മില്യണ്‍ ഡോളറില്‍ നിന്ന് 500 മില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ തങ്ങള്‍ സമ്മതിച്ചിട്ടുണ്ട്'- പ്രസിഡന്റ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു.ഈ വ്യാപാരത്തിന്റെ പകുതിയും സൈനിക ഉപകരണങ്ങളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യോമതാവളവും സൈനിക വിന്യാസ നയതന്ത്രവും
ആഫ്രിക്കയുമായുള്ള തുര്‍ക്കിയുടെ സൈനിക ഇടപെടല്‍ ആയുധ വില്‍പ്പനയില്‍ മാത്രം ഒതുങ്ങുന്നില്ല. ആഫ്രിക്കയില്‍ ഇപ്പോള്‍ 40ലധികം ടര്‍ക്കിഷ് എംബസികളുണ്ട്, കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടര്‍ക്കിഷ് എയര്‍ലൈന്‍സ് 50ലധികം ആഫ്രിക്കന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുകയും ചെയ്യുന്നുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ തുര്‍ക്കിയുടെ 37 സൈനിക ഓഫിസുകളുണ്ട്. മൊറോക്കോ, സൊമാലിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ തുര്‍ക്കിക്ക് ഇതിനകം സൈനിക താവളങ്ങളുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട താവളം, ക്യാംപ് ടര്‍ക്‌സോം (CAMP TURKSOM) ആണ്. തുര്‍ക്കിയുടെ ലോകത്തിലെ ഏറ്റവും വലിയ വിദേശ സൈനിക താവളമാണിത്. തുര്‍ക്കി 2,500 സോമാലിയന്‍ സൈനികര്‍ക്ക് ബിരുദം നല്‍കിയതായാണ് സൈനിക, പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
2019ല്‍ തുര്‍ക്കിയും ലിബിയയും സൈനിക സഹകരണ കരാറില്‍ ഒപ്പുവെച്ചതിനാല്‍ തുര്‍ക്കിയുടെ അടുത്ത ആഫ്രിക്കന്‍ ലക്ഷ്യം ലിബിയയിലായിരിക്കുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഇത് തുര്‍ക്കിക്കും ഫ്രാന്‍സിനുമിടയില്‍ പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ട്രിപ്പോളി ആസ്ഥാനമായുള്ള ഗവണ്‍മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡുമായുണ്ടാക്കിയ ധാരണ പ്രകാരം ലിബിയയില്‍ സൈനികരെ വിന്യസിക്കാന്‍ തുര്‍ക്കിക്ക് കഴിഞ്ഞു. ആയിരക്കണക്കിന് സിറിയന്‍ പോരാളികളെ ലിബിയയിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കൂടാതെ, കിഴക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ ഖലീഫ ഹഫ്താറിനെ കാണാനും സംസാരിക്കാനും തുര്‍ക്കി തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി മെവ്‌ലൂട്ട് കാവുസോഗ്ലു 2021 ഡിസംബര്‍ അവസാന വാരത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, ലിബിയയില്‍ യുദ്ധപ്രഭുവായ ഖലീഫയും ട്രിപ്പോളി സര്‍ക്കാരും തമ്മില്‍ സമതുലിതമായ നയതന്ത്ര സമീപനം വികസിപ്പിക്കാന്‍ തുര്‍ക്കി ശ്രമിക്കുന്നതായും വ്യക്തമാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച സൈനിക ധാരണാപത്രം ഇപ്പോഴും സാധുവാണ്, വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിലെ സൈനികരെ തീവ്രവാദത്തെ നേരിടാന്‍ തുര്‍ക്കി ഇപ്പോഴും പരിശീലിപ്പിക്കുന്നു.
ചുരുക്കത്തില്‍, ടര്‍ക്കിഷ് ഡ്രോണുകള്‍ക്ക് ആഫ്രിക്കയ്ക്ക് ചുറ്റും വലിയ ഡിമാന്‍ഡാണ്. ലിബിയയിലും സിറിയയിലും, ഏറ്റവും പ്രധാനമായി, അസര്‍ബൈജാനിലും വിജയകരമായ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് തൊട്ടുപിന്നാലെ ബെറാക്താര്‍ ടിബി2 ഡ്രോണുകള്‍ക്കും മറ്റു സാധാരണ നിരീക്ഷണ ഡ്രോണുകള്‍ക്കും ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. ഭാവിയിലെ യുദ്ധങ്ങളിലെ പ്രധാന ആയുധമായി ഇത് ഇടംപിടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ആഫ്രിക്കയിലെ സൈനിക വ്യാപാരത്തിന് തുര്‍ക്കി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ചൈനയില്‍നിന്നാണ്. ഡ്രോണ്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ചൈനയാണ് തുര്‍ക്കിയുടെ പ്രധാന എതിരാളി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള മറ്റു ഇളവുകള്‍ക്ക് പകരമായി ഇവ വില കുറച്ച് വില്‍ക്കാന്‍ ചൈനയ്ക്കാവും.
വിജയകരമായ ഡ്രോണ്‍ നയതന്ത്രം നിലനിറുത്തുന്നതിന്, ഉയര്‍ന്ന സാങ്കേതിക വിദ്യയിലുള്ള നാറ്റോ ഗ്യാരണ്ടീഡ് സേവനവും നിലവാരവും വാഗ്ദാനം ചെയ്യുന്നതിലൂടെ മാത്രമേ തുര്‍ക്കിക്ക് ചൈനയെക്കാള്‍ മികച്ചതാകാന്‍ കഴിയൂ. വികസന പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണത്തിന്റെ വ്യാപ്തി വിശാലമാക്കിയാല്‍ തുര്‍ക്കിക്ക് ഏറെ മുന്നേറാന്‍ കഴിയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.