ഇറാന്‍റെ തിരിച്ചടി: ഗള്‍ഫ് മേഖലയില്‍ അതീവജാഗ്രത, വിമാന സർവീസുകള്‍ നിര്‍ത്തിവെച്ചു

തങ്ങള്‍ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ യുഎസിന്റെ സഖ്യകക്ഷികളേയും വെറുതെ വിടില്ലെന്നും ഇറാന്‍ സൈന്യം അറിയിച്ചു. ഇതിനിടെ ചില നാറ്റൊ സഖ്യരാജ്യങ്ങള്‍ തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ ഇറാഖില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Update: 2020-01-08 03:03 GMT

വാഷിങ്ടണ്‍: ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.

ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ഇറാഖിലെ അല്‍ ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രണം നടത്തിയത്. ഇറാന്‍റെ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിനെ തുടർന്ന് പ്രതികാര നടപടിയെന്ന നിലയിലായിരുന്നു ഇത്.

ഇറാഖില്‍ നിന്ന് യുഎസ് സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് ആക്രമണത്തിന് പിന്നാലെ ഇറാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ യുഎസിന്റെ സഖ്യകക്ഷികളേയും വെറുതെ വിടില്ലെന്നും ഇറാന്‍ സൈന്യം അറിയിച്ചു. ഇതിനിടെ ചില നാറ്റൊ സഖ്യരാജ്യങ്ങള്‍ തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ ഇറാഖില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Tags:    

Similar News