എന്താണ് വൈറ്റ് ഫോസ്ഫറസ് ബോംബ്? എന്തുകൊണ്ട് നിരോധിച്ചു? ഗസയില്‍ ഇസ്രായേല്‍ ഇത് പ്രയോഗിച്ചോ?

ഫോസ്ഫറസിന്റേയും റബറിന്റേയും മെഴുകുപോലുള്ള മിശ്രിതമാണ്

Update: 2023-10-12 05:33 GMT

ഗസ്സ സിറ്റി: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗസ്സയില്‍ ഇസ്രായേല്‍ മാരകപ്രഹരശേഷിയുള്ള വൈറ്റ് ഫോസ്ഫറസ് ബോംബ് വര്‍ഷിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ഡിഫന്‍ ഫോഴ്സ് (ഐ.ഡി.എഫ്) അംഗങ്ങള്‍ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ വിക്ഷേപിക്കുന്നുവെന്ന തരത്തില്‍ ചിത്രങ്ങളും, വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടര്‍ന്നാണ് ആരോപണങ്ങളുമെത്തിയത്. എന്നാല്‍ ഐ.ഡി.എഫ്. ഇക്കാര്യം സ്ഥിരീകരിച്ചില്ല. എന്താണ് ഗുരുതരമായ ആള്‍നാശമുണ്ടാക്കുമെന്ന് കരുതുന്ന വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍, എന്തുകൊണ്ട് ഇത് നിരോധിത ആയുധ പട്ടികയിലായി.


ഫോസ്ഫറസിന്റേയും റബറിന്റേയും മെഴുകുപോലുള്ള മിശ്രിതമാണ് വൈറ്റ് ഫോസ്ഫറസുകള്‍. ഇതിനെയാണ് ബോംബായി മാറ്റുന്നത്. അന്തരീക്ഷത്തില്‍ എത്തിയാല്‍ 800 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2500 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ കത്തിജ്വലിക്കും. ഒരിടത്ത് പതിഞ്ഞാല്‍ നീക്കം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ളതും ഇതിന്റെ പുറമെയുള്ള ബാന്‍ഡേജ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതോടെ കൂടുതള്‍ ശക്തിയായി കത്തുകയും ചെയ്യും. വസ്ത്രങ്ങളിലടക്കം പറ്റിപ്പിടിക്കുകയും ശരീരത്തിലേറ്റാല്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്യും. മരണസംഖ്യ വളരെ ഉയരാനുള്ള സാധ്യതയുമുണ്ട്. അതികഠിനമായ ചൂടായതിനാല്‍ ചെറിയ പോറല്‍ പോലും ആന്തരീകാവയവങ്ങളെ പോലും നശിപ്പിച്ചു കളയുമെന്നാണ് വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നത്. അതികഠിനമായ ചൂടിനപ്പുറം വലിയ പുകയുമുണ്ടാവുന്നതുകൊണ്ടു തന്നെ ശത്രുക്കള്‍ക്ക് മുന്നോട്ടുപോവാന്‍ കഴിയാതെ വരും. ഏതെങ്കിലും കാരണവശാല്‍ ഇതുമൂലം പരിക്കേറ്റാല്‍ ചികിത്സിച്ച് ഭേദമാക്കുക പോലും അസാധ്യമാവുമെന്ന് ചൂണ്ടിക്കാട്ടുന്നു ആരോഗ്യവിദഗ്ധര്‍. ഇതോടെയാണ് വൈറ്റ് ഫോസ്ഫറസ് ബോംബുകളെ നിരോധിത ആയുധപട്ടികയില്‍ ലോകരാജ്യങ്ങള്‍ പെടുത്തിയിരിക്കുന്നത്.

ശുത്രുക്കളേയും യുദ്ധസാമഗ്രികളേയും നാമാവശേഷമാക്കുമെന്നതാണ് വൈറ്റ് ഫോസ്ഫറസ് ബോംബിന്റെ പ്രത്യേകത. 19-ാം നൂറ്റാണ്ടില്‍ ബ്രീട്ടിഷ് പട്ടാളത്തിനെതിരേ ഐറിഷ് ദേശീയവാദികളാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. ഫെനിയന്‍ ഫയര്‍ എന്നും അറിയപ്പെട്ടു. ശേഷം ഒന്നാം ലോക മഹായുദ്ധകാലത്തും രണ്ടാം ലോക മഹായുദ്ധകാലത്തും ബ്രിട്ടീഷ് പട്ടാളക്കാര്‍ ഇത് വ്യാപകമായി ഉപയോഗിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വൈറ്റ് ഫോസ്ഫറസ് സ്‌ഫോടകവസ്തുക്കളെ വില്ലി പീറ്റ് എന്നും വില്ലി പീറ്റര്‍ എന്നും അറിയപ്പെട്ടുതുടങ്ങിയിരുന്നു. പീരങ്കികളിലും, റോക്കറ്റുകളിലും ഗ്രനേഡുകളിലുമായി ഉപയോഗിക്കാനാവുന്ന പല തരത്തിലുള്ള പ്രത്യേകം ബോംബുകളും നിര്‍മിക്കപ്പെടുകയുണ്ടായി.


1920-കളിലെ ഇറാഖ് യുദ്ധകാലത്തും ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കന്‍ പട്ടാളവും, ഒന്നും രണ്ടും ചെച്ചന്‍ യുദ്ധകാലത്ത് റഷ്യയും ഈ വിനാശകരമായ ബോംബുകളെ ഉപയോഗിച്ചു. തുടര്‍ന്നിങ്ങോട്ട് അമേരിക്കന്‍-ഇറഖ് യുദ്ധം, ലെബനന്‍ യുദ്ധം, 2008-2009 ഗസയുദ്ധം, യു.എസ് താലിബാന്‍ സംഘര്‍ഷം, നാഗര്‍ണോ-കരാബാക് യുദ്ധം എന്നിവയിലെല്ലാം വൈറ്റ്-ഫോസ്ഫറസ് ബോംബുകളെ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് വലിയ ആള്‍ നാശങ്ങള്‍ക്കും പരിക്കിനും വഴിവെക്കുകയും ചെയ്തു. പൂര്‍ണനിരോധനമില്ലെങ്കിലും ഇവയെ ജനവാസ മേഖലയില്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്.

ജനവാസ മേഖലയില്‍ ഇത്തരം ബോബുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് അന്തര്‍ദേശീയ യുദ്ധനിയമം ഉണ്ടായെങ്കിലും പലപ്പോഴും ഇത് യുദ്ധമേഖലയില്‍ ഉപയോഗിച്ചുരുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. 1972-ല്‍ ആണ് വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരുന്ന പ്രമേയം യു.എന്‍. ജനറല്‍ അസംബ്ലി പാസാക്കിയത്. 1980-ല്‍ ലോകരാജ്യങ്ങള്‍ ഈ പ്രമേയം അംഗീകരിച്ചുവെങ്കിലും പലപ്പോഴും ഇത് ജനങ്ങള്‍ക്ക് നേരെ വിവിധ യുദ്ധങ്ങളില്‍ ഉപയോഗിച്ചിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. വായുവുമായി ചേര്‍ന്ന് അതികഠിനമായ ചൂടും വെളിച്ചവും പുകയുമാണ് വൈറ്റ് ഫോസ്ഫറസ് ഉണ്ടാക്കുക. സ്ഫോടന പരിധിയിലുള്ളവര്‍ക്ക് പോലും ശ്വാസതടസ്സം, അണുബാധ തുടങ്ങിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഗാസപോലെ ജനനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഇത്തരം ബോംബുകളുടെ ഉപയോഗം പരിധിയില്ലാത്ത നാശനഷ്ടത്തിനാണ് വഴിവെക്കുകയെന്നതാണ് ഏറ്റവും ഗൗരവമായ കാര്യം.

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ബെഹ്‌മൂതില്‍ റഷ്യ വൈറ്റ് ഫോസ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. അന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയമായിരുന്നു ദൃശ്യങ്ങള്‍ സഹിതം ഈ ആരോപണമുന്നയിച്ചത്. പൂര്‍ണനിരോധനമില്ലെങ്കിലും ഇത് ജനവാസ മേഖലയില്‍ ഉപയോഗിക്കുന്നത് നിരോധിച്ചതിനാല്‍ യുദ്ധക്കുറ്റമാണ്. തീമഴപോലെയുള്ള വസ്തുക്കള്‍ ഗാസയ്ക്ക് മീതെ പതിക്കുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇസ്രായേലും ഇപ്പോള്‍ ഗസയക്ക് നേരെ ഇത്തരം ബോബുകള്‍ ഉപയോഗിക്കുന്നതായി ആരോപണം വന്നിരിക്കുന്നത്.







Tags:    

Similar News