കാലഫോണിയയില്‍ കാട്ടുതീ പടരുന്നു; അരലക്ഷം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

ദുരന്തമൊഴിവാക്കാന്‍ 50,000 കുടുംബങ്ങളെ കൂടി മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിന്റ്‌സോര്‍, ഹെറാള്‍ഡ്ബര്‍ഗ്, വടക്കന്‍ സാന്‍ഫ്രാന്‍സിസ്‌കോ എന്നീ പട്ടണങ്ങളില്‍ നിന്നാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത്.

Update: 2019-10-28 02:19 GMT

വാഷിങ്ടണ്‍: കനത്ത നാശംവിതച്ച് കാലഫോണിയയില്‍ കാട്ടുതീ അനിയന്ത്രിതമായി പടരുന്നു. ദുരന്തമൊഴിവാക്കാന്‍ 50,000 കുടുംബങ്ങളെ കൂടി മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിന്റ്‌സോര്‍, ഹെറാള്‍ഡ്ബര്‍ഗ്, വടക്കന്‍ സാന്‍ഫ്രാന്‍സിസ്‌കോ എന്നീ പട്ടണങ്ങളില്‍ നിന്നാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത്.

പടര്‍ന്നുപിടിക്കുന്ന കാട്ടുതീ 10 ശതമാനം മാത്രമാണ് ഇതിനകം നിയന്ത്രണവിധേയമായത്. ശക്തമായ കാറ്റ് തീയണയ്ക്കാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആയിരക്കണക്കിന് അഗ്‌നിശമനസേനാംഗങ്ങള്‍ നിരന്തരമായി ശ്രമം തുടരുകയാണ്. എയര്‍ ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീനിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നത്. ലോസ് ആഞ്ചലസിനും സോനോമയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുത ലൈനുകളിലൂടെ കാട്ടുതീ കൂടുതല്‍ ഇടങ്ങളിലേക്ക് പടരുന്നതിനാല്‍ 36 ജില്ലകളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചതായി ഊര്‍ജ്ജ കമ്പനിയായ പസഫിക് ഗ്യാസ് ആന്റ് ഇലക്ട്രിക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 20 ലക്ഷം ജനങ്ങളെയാണ് ഇത് നേരിട്ട് ബാധിച്ചത്.

കഴിഞ്ഞ ബുധനാഴ്ച്ച മുതലാണ് കാലഫോണിയയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചത്. സോനോമ ജില്ലയില്‍ മാത്രം 25,455 ഏക്കര്‍ ഭൂപ്രദേശം ഇതിനോടകം കത്തിനശിച്ചു. 50 ലധികം കെട്ടിടങ്ങള്‍ തകര്‍ന്നു. ലോസ് ആഞ്ചലസില്‍ 4,615 ഏക്കര്‍ ഭൂപ്രദേശവും കത്തിനശിച്ചു. പസഫിക് ഗ്യാസ് ആന്റ് ഇലക്ട്രിക് കമ്പനിയുടെ വൈദ്യുത ലൈനിലെ ജമ്പറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

Tags:    

Similar News