അങ്കാറ: ഗസയിലെ ഫലസ്തീന്‍കാര്‍ക്കെതിരായ ആക്രമണം ഇസ്രായേല്‍ സൈന്യം തുടരവെ കടുത്ത ഭാഷയില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. പലസ്തീന്‍കാരെ രക്ഷിക്കാന്‍ ഇസ്രായേലിലേക്ക് സൈന്യത്തെ അയക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലിബിയയിലും നഗോര്‍ണോ കരാബഖിലും ചെയ്ത കാര്യം സൂചിപ്പിച്ചായിരുന്നു ഉര്‍ദുഗാന്റെ ഭീഷണി.
ആദ്യമായിട്ടാണ് തുര്‍ക്കി പ്രസിഡന്റ് ഇത്രയും കടുത്ത ഭാഷയില്‍ ഇസ്രായേലിനെതിരെ സംസാരിക്കുന്നത്. ഗസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണത്തെ അദ്ദേഹം നേരത്തെ അപലപിച്ചിരുന്നു. എന്നാല്‍ ഇസ്രായേലിലേക്ക് കടന്നുകയറുമെന്ന് പറയുന്നത് ആദ്യമായിട്ടാണ്. ഉര്‍ദുഗാന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇസ്രായേലും രംഗത്തുവന്നു.
യൂറോപ്യന്‍-അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയിലെ രണ്ടാം കക്ഷിയാണ് തുര്‍ക്കി. അമേരിക്കയുടെ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന രാജ്യം കൂടിയാണിത്. അതേസമയം, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ വലിയ സൈനിക ശക്തി കൂടിയാണ് തുര്‍ക്കി എന്നതും എടുത്തുപറയണം. ഈ സാഹചര്യത്തിലാണ് തുര്‍ക്കിയുടെ പ്രതികരണം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുന്നത്.
തുര്‍ക്കി ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയത്. ഫലസ്തീനില്‍ ഇസ്രായേല്‍ ചെയ്യുന്ന ക്രൂരതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കരാബഖിലും ലിബിയയിലും ചെയ്ത പോലെ ഇസ്രായേലും ചെയ്യേണ്ടി വരുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇനിയും മടിച്ച് നില്‍ക്കാന്‍ യാതൊരു കാരണങ്ങളുമില്ല. നാം കൂടുതല്‍ കരുത്തരാകണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ച ശേഷം ലിബിയയില്‍ നിലവില്‍ വന്ന സര്‍ക്കാരിനെ യുഎന്‍ പിന്തുണച്ചിരുന്നു. സര്‍ക്കാരിനെ പിന്തുണച്ച് തുര്‍ക്കി സൈന്യത്തെ അയക്കുകയും ചെയ്തു. 2020ലെ ഈ സംഭവമാണ് ഉര്‍ദുഗാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ കരാബഖില്‍ സൈനിക നീക്കം നടത്തിയപ്പോള്‍ തുര്‍ക്കി സൈന്യം പിന്തുണ നല്‍കിയിരുന്നു. നേരിട്ട് സൈന്യത്തെ അയച്ചില്ലെങ്കിലും പരിശീലനം ഉള്‍പ്പെടെ നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഉര്‍ദുഗാന് ചുട്ട മറുപടിയുമായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി കറ്റ്സ് രംഗത്തുവന്നു. ഇറാഖിലെ സദ്ദാം ഹുസൈന്റെ അവസ്ഥ ഉര്‍ദുഗാനും വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്ങനെയായിരുന്നു സദ്ദാമിന്റെ അന്ത്യമെന്ന് ഓര്‍ത്താല്‍ നന്ന് എന്നും അദ്ദേഹം എക്സില്‍ കുറിച്ചു. 2003ല്‍ അമേരിക്കയും സഖ്യകക്ഷികളും ഇറാഖില്‍ അധിനിവേശം നടത്തി സദ്ദാമിനെ തടവിലാക്കി വിചാരണയ്ക്ക് ശേഷം തൂക്കിലേറ്റുകയായിരുന്നു.