സിറിയയിലെ സൈനിക നടപടി: ഉര്‍ദുഗാന് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ്
'തീവ്രവാദത്തിനെതിരേ പോരാടുന്നതിന്' ഇറാന്‍ തുര്‍ക്കിയുമായി 'തീര്‍ച്ചയായും സഹകരിക്കുമെന്ന്' പരമോന്നത നേതാവ് പറഞ്ഞു. എന്നാല്‍, സിറിയയിലെ പുതിയ ആക്രമണം യഥാര്‍ത്ഥത്തില്‍ 'ഭീകരര്‍ക്ക്' ആണ് ഗുണം ചെയ്യുകയെന്ന് അദ്ദേഹം വാദിച്ചു.
തെഹ്‌റാന്‍: ത്രിരാഷ്ട്ര ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ എത്തുന്നതിന് മുമ്പ് സിറിയയില്‍ പുതിയ സൈനിക നടപടി ആരംഭിക്കരുതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനോട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ.
'തീവ്രവാദത്തിനെതിരേ പോരാടുന്നതിന്' ഇറാന്‍ തുര്‍ക്കിയുമായി 'തീര്‍ച്ചയായും സഹകരിക്കുമെന്ന്' പരമോന്നത നേതാവ് പറഞ്ഞു. എന്നാല്‍, സിറിയയിലെ പുതിയ ആക്രമണം യഥാര്‍ത്ഥത്തില്‍ 'ഭീകരര്‍ക്ക്' ആണ് ഗുണം ചെയ്യുകയെന്ന് അദ്ദേഹം വാദിച്ചു.
തുര്‍ക്കിയുടെ അതിര്‍ത്തികളുടെ സുരക്ഷ തങ്ങളുടേതായി ഇറാന്‍ കണക്കാക്കുന്നുവെന്ന് വ്യക്തമാക്കി
ഖാംനഈ ഉര്‍ദുഗാനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സിറിയയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്ക, യൂറോപ്യന്‍ ശക്തികള്‍ പോലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഈ മേഖലയിലെ 'ഭീകര' ഗ്രൂപ്പുകളെ സൈനികമായി പിന്തുണയ്ക്കുന്നുവെന്ന് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.
തുര്‍ക്കി 'ഭീകരവാദികള്‍' എന്ന് കരുതുന്ന മേഖലയിലെ കുര്‍ദിഷ് പോരാളികളെ പരാജയപ്പെടുത്തി 30 കിലോമീറ്റര്‍ (18.5 മൈല്‍) 'സുരക്ഷിത മേഖല' സൃഷ്ടിക്കുന്നതിനായി വടക്കന്‍ സിറിയയിലെ കുറഞ്ഞത് രണ്ട് നഗരങ്ങളിലെങ്കിലും ഉടന്‍ തന്നെ സൈനിക നടപടിക്ക് തുടക്കമിടുമെന്ന് ഉര്‍ദുഗാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
കുര്‍ദിഷ് പോരാളികളെ പിന്തുണയ്ക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ സ്വീഡനും ഫിന്‍ലന്‍ഡും അവരുടെ നാറ്റോ പ്രവേശന പദ്ധതികള്‍ക്ക് തുര്‍ക്കി അംഗീകാരം നല്‍കില്ലെന്നും തുര്‍ക്കി 'ഭീകരരായി' കരുതുന്ന വ്യക്തികളെ കൈമാറിയില്ലെങ്കില്‍ അനുമതി പുനപ്പരിശോധിക്കുമെന്നും ഉര്‍ദുഗാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാനും തുര്‍ക്കിയും യഥാക്രമം സിറിയന്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയുമാണ് പിന്തുണയ്ക്കുന്നത്. തന്റെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഒരു വലിയ പ്രതിനിധി സംഘത്തോടൊപ്പമാണ് തുര്‍ക്കി പ്രസിഡന്റ് തിങ്കളാഴ്ച വൈകീട്ട് ഇറാന്റെ തലസ്ഥാനത്തെത്തിയത്. രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ച്ചകള്‍ നടക്കുന്ന സാദാബാദ് കൊട്ടാരത്തില്‍ ചൊവ്വാഴ്ച ഇറാന്‍ പ്രസിഡന്റ് ഉര്‍ഗുഗാനെ സ്വീകരിച്ചു.മീറ്റിംഗുകള്‍ അവസാനിച്ചതിന് ശേഷം ഇറാനും തുര്‍ക്കിയും എട്ട് കരാറുകളില്‍ ഒപ്പുവച്ചു, അതിലൊന്ന് 20 വര്‍ഷത്തെ സഹകരണ കരാറാണ്.