ഒത്തുകളി ആരോപണം നിഷേധിച്ച് പാകിസ്താനും ഇംഗ്ലണ്ടും ആസ്‌ത്രേലിയയും

Update: 2018-10-23 16:01 GMT

മുംബൈ: അല്‍ ജസീറ ടിവി പുറത്തുവിട്ട ലോക ക്രിക്കറ്റിനെ വിറപ്പിച്ച ഒത്തുകളി ആരോപണത്തെ നിഷേധിച്ച് പാകിസ്താന്‍, ആസ്‌ത്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ രംഗത്ത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യക്തതതയില്ലാത്തതുമാണെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ സ്ഥാനമൊഴിയുന്ന ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡും അഭിപ്രായപ്പെട്ടത്.
ഒത്തുകളി ഒരു പക്ഷേ സംഭവിച്ചതാണെങ്കില്‍ നടന്നു എന്ന് തെളിയിക്കുന്ന വീഡിയോ ക്ലിപ്‌സുകള്‍ കൈമാറാന്‍ അല്‍ ജസീറ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ഒത്തുകളി തികച്ചും അടിസ്ഥാന രഹിതമായേ കാണാനാകൂ എന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അഭിപ്രായപ്പെട്ടു. നാല് അന്താരാഷ്ട്ര മല്‍സരങ്ങളിലാണ് പാകിസ്താന്‍ താരങ്ങള്‍ ഒത്തുകളിക്ക് വിധേയരായത് എന്നാണ് അല്‍ ജസീറയുടെ വെളിപ്പെടുത്തല്‍.
കളിക്കാരുടെ കൂറിലും പെരുമാറ്റത്തിലും തങ്ങള്‍ക്ക് സംശയമില്ലെന്ന് ഇസിബി വ്യക്തമാക്കി. അഴിമതി ഇല്ലാതാക്കുകയെന്ന പ്രഖ്യാപിത നയത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് അറിയിച്ച ഇസിബി, സംശയാസ്പദമെന്ന് തോന്നിയ എല്ലാ സംഭവങ്ങളും ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറിയതായും സതര്‍ലന്‍ഡ് അറിയിച്ചു. ഒത്തുകളിയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നത് ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ നയമാണ്. ഇത് ഉറപ്പാക്കാന്‍ പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഓസീസ് ടീമിലെ ഇപ്പോഴത്തെയോ മുമ്പുള്ളതോ ആയ കളിക്കാര്‍ അഴിമതിയില്‍ കുരുങ്ങിയതായി കണ്ടെത്തിയിട്ടില്ല. ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ഐസിസിയുടെ അഴിമതി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്- സതര്‍ലാന്‍ഡ് അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കേട്ട് കളിക്കാര്‍ മടുത്തിരിക്കുകയാണെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ സിഇഒ അലിസ്റ്റയര്‍ നിക്കോള്‍സന്‍ പറഞ്ഞു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളതെന്ന് അവകാശപ്പെടുന്ന എഡിറ്റ് ചെയ്തതും അല്ലാത്തതുമായ എല്ലാ തെളിവുകളും ഐസിസിക്ക് കൈമാറാന്‍ അല്‍ ജസീറ തയ്യാറാവണമെന്നും സതര്‍ലന്‍ഡ് ആവശ്യപ്പെട്ടു.
15 മല്‍സരങ്ങളില്‍ നിന്നായി 26 ഒത്തുകളിയാണ് നടന്നതെന്ന് വാതുവയ്പ് സൂത്രധാരനും മുംബൈ സ്വദേശിയുമായ അനീല്‍ മുനവറിലൂടെ അല്‍ജസീറ പുറത്ത് കൊണ്ടുവരികയായിരുന്നു. ക്രിക്കറ്റ് മാച്ച് ഫിക്‌സേഴ്‌സ്: ദി മുനവര്‍ ഫയല്‍സ് എന്ന ഡോക്യുമെന്ററിയിലൂടെയാണ് അല്‍ജസീറ ഇക്കാര്യം പുറത്ത് വിട്ടത്.
Tags:    

Similar News