കൊല്‍ക്കത്ത: വിദേശ പര്യടനത്തിന് പോകുന്ന ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭാവത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ തീരുമാനം കൈകൊള്ളാന്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന വിദഗ്ധ സമിതിക്കു ബംഗാള്‍ സര്‍ക്കാര്‍ രൂപം നല്‍കി. 16 മുതല്‍ 28 വരെയാണ് മുഖ്യമന്ത്രി ഫ്രാങ്ക്ഫര്‍ട്ട്, മിലാന്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭരണ സ്തംഭനമില്ലാതിരിക്കാനാണ് വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചത്. പഞ്ചായത്ത് മന്ത്രി സുബ്രത മുഖര്‍ജി, നഗരവികസന മന്ത്രി ഫിര്‍ഹദ് ഹക്കീം, ഗതാഗത മന്ത്രി സുവേന്ദു അധികാരി, പൊതുമരാമത്ത് മന്ത്രി അരൂപ് ബിശ്വാസ് എന്നിവരെക്കൂടാതെ മറ്റ് ആറു മന്ത്രിമാര്‍ കൂടി സമിതിയില്‍ അംഗങ്ങളായിരിക്കുമെന്നു വിജ്ഞാപനം പറയുന്നു.
ജലസേചനം, ജലഗതാഗതം, കൃഷി എന്നീ വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറി നവീന്‍ പ്രകാശാകും സമിതിയിലെ ഉദ്യോഗസ്ഥരുടെ തലവന്‍. ആഭ്യന്തര സെക്രട്ടറി, സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ്, പൊലീസ് മേധാവി, എഡിജി, കൊല്‍ക്കൊത്ത പൊലീസ് കമ്മിഷണര്‍ തുടങ്ങിയവരും ഉദ്യോഗസ്ഥ പ്രതിനിധികളാണ്.