മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം നിയോജക മണ്ഡലം എം.എല്‍.എ.യുമായ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. മൂന്ന് ദിവസമായി പനിയെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം.
63 വയസായിരുന്നു. മൃതദേഹം നായന്‍മാര്‍മൂലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. രണ്ട് തവണയാണ് അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച്് നിയമസഭയിലെത്തിയത്. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സി.എച്ച്.കുഞ്ഞമ്പുവിനെ 5828 വോട്ടിന് പരാജയപ്പെടുത്തിയാണ് അബ്ദുള്‍ റസാഖ് ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ കേവലം 89 വോട്ടുകള്‍ക്ക് ബി.ജെ.പിയിലെ കെ.സുരേന്ദ്രനെ പരാജയപ്പെടുത്തി രണ്ടാമതും നിയമസഭാംഗമായി.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗമായും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായും മൂന്ന് മാസക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. മുസ്ലീം ലീഗ് ദേശീയ വര്‍ക്കിഗ് കമ്മറ്റി അംഗം, സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം, കാസര്‍കോട് സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ട്, നെല്ലിക്കട്ട, നീര്‍ച്ചാല്‍ ജമാഅത്തുകളുടെ പ്രസിഡണ്ട്, ആലംപാടി നൂറുല്‍ ഇസ്ലാമിക്ക് യത്തീംഖാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു വന്നിരുന്നു.
നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കാസര്‍കോട് ജില്ലയുടെ വികസന പ്രര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.