പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാതൃകാ സര്‍വശിക്ഷാ ഗ്രാമം പദ്ധതിക്ക് ഇന്ന് തുടക്കമാവും

Update: 2018-10-14 07:09 GMT
ന്യൂഡല്‍ഹി: രാജ്യത്തെ പിന്നാക്കഗ്രാമങ്ങളിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടപ്പാക്കിവരുന്ന സര്‍വശിക്ഷാ ഗ്രാമം പദ്ധതി കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ബ്ലോക്ക്തല വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ആദ്യത്തെ മാതൃകാ സര്‍വശിക്ഷാ ഗ്രാമ ക്ലസ്റ്റര്‍ പദ്ധതിക്ക് ബിഹാറില്‍ ഇന്ന് തുടക്കമാവും. ബിഹാറിലെ കത്യാര്‍ ജില്ലയിലെ മന്‍സാരി, ബരാരി ബ്ലോക്കുകളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ നിര്‍വഹിക്കും. രാജ്യത്തെ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന, ന്യൂനപക്ഷ സാന്ദ്രീകൃതമായ ബ്ലോക്കുകളാണ് മന്‍സാരി, ബരാരി എന്നിവ. സാഹിബ്‌നഗര്‍, ബന്ദ്‌തോള, മിയാപൂര്‍ വില്ലേജുകളിലായി നടക്കുന്ന പരിപാടിയില്‍ കത്യാര്‍ ജില്ലയിലെ നൂറുകണക്കിന് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വോളന്റിയേഴ്‌സ് ഇ അബൂബക്കറിനെ അനുഗമിക്കും.


സമ്പൂര്‍ണ ശാക്തീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരക്ഷരതാ നിര്‍മാര്‍ജനം, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഹൈസ്‌കൂള്‍തലം വരെയുള്ള നിര്‍ബന്ധിത വിദ്യാഭ്യാസം, ദുര്‍ബലവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനാവശ്യമായ സഹായം അടക്കം നിരവധി പദ്ധതികളാണ് പോപുലര്‍ ഫ്രണ്ട് നടപ്പാക്കിവരുന്നത്. 2011 മുതല്‍ ദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കിവരുന്ന പദ്ധതികളില്‍ പ്രധാനമാണ് നൂറുശതമാനം കുട്ടികളെയും സ്‌കൂളില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്ന 'സ്‌കൂള്‍ ചലോ' പദ്ധതി. പിന്നാക്കഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സര്‍വശിക്ഷാ ഗ്രാമം പദ്ധതിയും ഉന്നത വിദ്യാഭ്യാസമേഖലയില്‍ ദേശീയ സ്‌കോളര്‍ഷിപ്പ് പരിപാടിയും നടപ്പാക്കിവരുന്നു.
ഇത്തരം പരിപാടികളിലൂടെ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ തീവ്രയജ്ഞം ഊര്‍ജിതമാക്കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരോടും അഭ്യുദയകാംക്ഷികളോടും ആഹ്വാനം ചെയ്തു.

Similar News