സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘം

Update: 2018-10-27 05:44 GMT

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം. സിറ്റി പൊലിസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ആക്രമണത്തെ കുറിച്ച് അന്വേഷിക്കുക. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ആശ്രമത്തിലെത്തി പ്രാഥമിക പരിശോധന നടത്തി. ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ വ്യക്തമാക്കി. ആശ്രമത്തിന് നേരെ നടന്ന അക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. നിയമം കൈയ്യിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ല. സംഭവത്തില്‍ അതിശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ എത്തിയ അക്രമി സംഘം രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ടു നശിപ്പിച്ചു. ആശ്രമത്തിന് മുന്നില്‍ റീത്ത് വച്ചാണ് ആക്രമികള്‍ മടങ്ങിയത്. ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ ഭീഷണി നേരിടുന്ന സന്ദീപാനന്ദ ഇതിന് മുന്‍പും ആക്രമണം നേരിട്ടിട്ടുണ്ട്. സന്ദീപാനന്ദക്ക് നേരെ നടന്നത് വധശ്രമമാണെന്ന് ആശ്രമം സന്ദര്‍ശിച്ച മുഖ്യമന്ത്രി പറഞ്ഞു.

Similar News