മുഖ്യമന്ത്രിയുടെ സ്വരം ആര്‍എസ്എസിന്റേതിനു സമാനം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ദമ്മാം: പൗരത്വ പ്രക്ഷോഭങ്ങളെ തീവ്രവാദവല്‍ക്കരിച്ച് സംഘപരിവാറിന്റെ മുന്നില്‍ നല്ലപിള്ള ചമയുന്ന മുഖ്യ മന്ത്രി പിണറായി വിജയന്റെ സ്വരം ആര്‍എസ്എസിന്റേതിന് സമാനമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. പൗരത്വ ബില്ലിനെതിരേ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്ന സമരങ്ങള്‍ രാഷ്ട്രീയലാഭം മാത്രം ലക്ഷ്യംവച്ചാണെന്നു പൊതുസമൂഹം തിരിച്ചറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനാണ് ഇരുകൂട്ടരും എസ്ഡിപിഐയുടെ മേല്‍ കുതിരകയറുന്നത്. തുടക്കം മുതല്‍ എസ് ഡിപിഐ നടത്തുന്ന പ്രക്ഷോഭങ്ങളിലെ വന്‍ ജനപങ്കാളിത്തം കണ്ട് അന്തംവിട്ട ഇടതുവലത് മുന്നണികള്‍ നവ രാഷ്ട്രീയപ്പാര്‍ട്ടിക്കു ലഭിക്കുന്ന ജനസ്വീകാര്യതയില്‍ വേവലാതിപ്പെടുന്നതില്‍ ആശ്ചര്യമില്ല. ഒരു രേഖയും കാണിക്കില്ലെന്ന് പ്രഖ്യാപിച്ച് കൃത്യമായ നിലപാടെടുത്ത എസ് ഡിപിഐ ഇന്ത്യയില്‍ എല്ലായിടത്തും പൗരത്വ നിഷേധത്തിനെതിരെയുള്ള സമരങ്ങളുടെ മുന്‍പന്തിയില്‍ തന്നെയുണ്ട്. ഇതില്‍ വിളറിപൂണ്ട മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എസ് ഡിപിഐക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സമരങ്ങളെ വരുതിയിലാക്കാമെന്നു കരുതരുതെന്നും സോഷൃല്‍ ഫോറം ഖത്തീഫ് ബ്രാഞ്ച് കമ്മിറ്റി ഓര്‍മിപ്പിച്ചു. യോഗത്തില്‍ ഭാരവാഹികളായ മൂസ എടപ്പാള്‍, ഹാഷിര്‍, ഷാജഹാന്‍ കൊടുങ്ങല്ലൂര്‍, മുസ്തഫ മങ്കട സംസാരിച്ചു.