പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണം; ആവശ്യവുമായി പ്രവാസി നേതാക്കള്‍

ബംഗ്ലാദേശ്, പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ സൗജന്യമായി പൗരന്മാരുടെ മൃതദേഹം നാട്ടിലേക്ക് പോകുമ്പോഴാണ് ഇന്ത്യ പൗരന്‍മാരില്‍ തുക ഈടാക്കുന്നത്.

Update: 2019-01-09 01:44 GMT

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്കുകള്‍ പിന്‍വലിച്ച് സൗജന്യമാക്കണമെന്ന ആവശ്യവുമായി പ്രവാസി നേതാക്കള്‍ ഡല്‍ഹിയിലെത്തി. സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും വിവിധ പാര്‍ട്ടി നേതാക്കളെയും കണ്ടു. പ്രായപൂര്‍ത്തായയവരുടെ മൃതദേഹം കൊണ്ടുപോകുന്നതിന് 1500 ദിര്‍ഹവും 12 വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് 750 രൂപയുമാണ് നിലവിലെ നിരക്ക്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വഴി ഇന്ത്യയിലെവിടേക്കും മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള നിരക്കാണ് ഏകീകരിച്ചത്. ജിസിസി രാജ്യങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ നിശ്ചിത നിരക്കുകളാക്കിയിട്ടുണ്ട്. 160 ഒമാനി റിയാല്‍, 175 കുവൈറ്റ് ദിനാര്‍, 2200 സൗദി റിയാല്‍, 225 ബഹ്‌റൈനി ദിനാര്‍, 2200 ഖത്തറി റിയാല്‍ എന്നിങ്ങനെയാണു നിരക്ക്.

ബംഗ്ലാദേശ്, പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ സൗജന്യമായി പൗരന്മാരുടെ മൃതദേഹം നാട്ടിലേക്ക് പോകുമ്പോഴാണ് ഇന്ത്യ പൗരന്‍മാരില്‍ തുക ഈടാക്കുന്നത്. മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്നതായിരുന്നു ഇതുവരേയുള്ള രീതി. പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് കേന്ദ്രം നിരക്ക് ഏകീകരിച്ചു. വിമാന യാത്രാ കൂലിയും മറ്റു നികുതികളും വര്‍ദ്ധിപ്പിച്ച് പ്രവാസികളെ പിഴിയുന്ന അധികൃതര്‍ മരണപ്പെട്ട പ്രവാസികളോടെങ്കിലും കരുണ കാണിക്കണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം. ഈ ആവശ്യമുന്നയിച്ച് അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സമീപിച്ച സംഘം രാജ്യത്തെ എല്ലാ എംപിമാര്‍ക്കും നിവേദനം നല്‍കുന്നുണ്ട്.

Tags:    

Similar News