ദുബയ് റണ്‍വേ പുനര്‍ നിര്‍മാണം: എയര്‍ ഇന്ത്യ ഭാഗികമായി ഷാര്‍ജയിലേക്ക്
പുനര്‍നിര്‍മാണം നടക്കുന്ന 45 ദിവസത്തേക്കാണ് സര്‍വീസ് മാറ്റുന്നത്
ദുബയ്: ദുബയ് രാജ്യാന്തര വിമാനത്താവളത്തിന്റെ ദക്ഷിണ റണ്‍വേ അറ്റകുറ്റപ്പണിക്കായി ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ ഭാഗികമായി അടയ്ക്കുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ ഏതാനും സര്‍വ്വീസുകള്‍ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റുന്നു. പുനര്‍നിര്‍മാണം നടക്കുന്ന 45 ദിവസത്തേക്കാണ് സര്‍വീസ് മാറ്റുന്നത്. ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, ഗോവ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കുള്ള സര്‍വീസായിരിക്കും ഷാര്‍ജയിലേക്ക് മാറ്റുക. കേരളത്തിലേക്കടക്കമുള്ള മറ്റു സെക്ടറിലേക്കുള്ള സര്‍വീസുകള്‍ മാറ്റമില്ലാതെ ദുബയില്‍ നിന്ന് തന്നെയായിരിക്കും പറക്കുകയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ് തുടങ്ങിയ വിമാനങ്ങളുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. ഷാര്‍ജ വിമാനത്താവളത്തിന് പുറമെ ജബല്‍ അലിയിലെ ദുബയ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും സര്‍വീസ് മാറ്റാന്‍ ആലോചിക്കുന്നുണ്ട്. റണ്‍വേ ഭാഗികമായി അടക്കുമ്പോള്‍ തങ്ങളുടെ ഏതാനും സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കുമെന്നും എമിറേറ്റ്‌സ് നേരത്തേ അറിയിച്ചിരുന്നു.