സൗദിയിൽ ഷോപ്പിങ് മാളുകളിലും പ്രവാസി ജോലിക്കാര്‍ പുറത്തേക്ക്; സ്വദേശിവൽകരണം കൂടുതല്‍ മേഖലകളിലേക്ക്
ഇതോടെ ഈ രംഗത്ത് നിലവിൽ ജോലി ചെയ്യുന്ന നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. പലർക്കും നാടുകളിലേക്ക് മടങ്ങേണ്ടിവരും.
റിയാദ്: സൗദി അറേബ്യയിലെ എല്ലാ തൊഴിൽ മേഖലയിലേക്കും സ്വദേശിവൽകരണം വ്യാപിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ വിദേശ തൊഴിലാളികൾ പുറത്തായിരിക്കുന്നത് രാജ്യത്തെ മുഴുവൻ ഷോപ്പിങ് മാളുകളിൽ നിന്നുമാണ്. ഇവിടുത്തെ ഏതാണ്ടെല്ലാ ജോലികളും സൗദി പൗരന്മാർക്ക് മാത്രമായി മാറിയിരിക്കുകയാണ്.
ക്ലീനിങ്, സാധനങ്ങളുടെ ലോഡിങ്, അൺലോഡിങ്, ബാർബർ ഷോപ്പ് ജോലി, കളിക്കോപ്പ് ഉപകരണങ്ങളുടെ റിപ്പയറിങ് എന്നീ ജോലികളൊഴികെ ഷോപ്പിങ് മാളുകളിലെ ബാക്കി മുഴുവൻ ജോലികളിലുമാണ് 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരിക്കുന്നത്. ഇതോടെ ഈ രംഗത്ത് നിലവിൽ ജോലി ചെയ്യുന്ന നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. പലർക്കും നാടുകളിലേക്ക് മടങ്ങേണ്ടിവരും.
സ്വദേശിവൽകരണ നിയമം നടപ്പാക്കിയോ, അത് കൃത്യമായി പാലിക്കുന്നുണ്ടോ, ഇപ്പോഴും ഈ സ്വദേശിവൽകൃത ജോലികളിൽ വിദേശികൾ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ സൗദി തൊഴിൽ വകുപ്പിന്റെ റെയ്ഡ് സംഘങ്ങൾ രാജ്യത്ത് വിവിധ ഭാഗങ്ങളിലെ മാളുകളിൽ എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം പിടികൂടിയാൽ ശിക്ഷ കടുത്തതായിരിക്കുമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.