യുഎഇയിലെ നല്ലതും മോശമായതുമായ സ്ഥാപനങ്ങളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

യുഎഇയിലെ ഏറ്റവും മെച്ചപ്പെട്ട സേവനം നല്‍കുന്ന സ്ഥാപനങ്ങളുടേയും മോശം പ്രകടനം കാഴ്ച വെച്ച സ്ഥാപനങ്ങളുടേയും പേരുകള്‍ വെളിപ്പെടുത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Update: 2019-09-14 15:32 GMT

ദുബയ്: യുഎഇയിലെ ഏറ്റവും മെച്ചപ്പെട്ട സേവനം നല്‍കുന്ന സ്ഥാപനങ്ങളുടേയും മോശം പ്രകടനം കാഴ്ച വെച്ച സ്ഥാപനങ്ങളുടേയും പേരുകള്‍ വെളിപ്പെടുത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്ന 5 സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2 മാസത്തെ വേതനം സമ്മാനമായി നല്‍കും. ഫുജൈറ ഫെഡറല്‍ അഥോറിറ്റി ഫൊര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അജ്മാന്‍ കാര്യാലയം, അഭ്യന്തര മന്ത്രാലയത്തിന്റെ അജ്മാനിലെ ട്രാഫിക് ആന്റ് ലൈസന്‍സിംഗ് വിഭാഗം, ഷാര്‍ജയിലെ വാസിത് പോലീസ് സ്‌റ്റേഷന്‍, റാസല്‍ ഖൈമയിലെ ശൈഖ് സായിദ് ഹൗസിംഗ് പ്രോഗ്രാം ഓഫീസ് എന്നീ 5 ഓഫീസുകളാണ് യുഎഇയിലെ ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നത്.

ഷാര്‍ജയിലെ അല്‍ ഖാനിലുള്ള എമിറേറ്റ്‌സ് പോസ്റ്റ് ഓഫീസ്, ദുബയ് മുഹൈസിനയിലുള്ള പ്രിവന്‍ന്റീവ് മെഡിസിന്‍ സെന്റര്‍-ഫെഡറല്‍ അഥോറിറ്റി ഫൊര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, ഷാര്‍ജയിലെ സെന്റര്‍ ഓഫ് ജനറല്‍ പെന്‍ഷന്‍ ആന്റ് സോഷ്യല്‍ സെക്യൂരിറ്റി അഥോറിറ്റി, അബുദബിയിലെ ബനിയാസിലുള്ള സോഷ്യല്‍ അഫൈയേഴ്‌സ് സെന്റര്‍, ഫുജൈറയിലെ തവ്തീന്‍ സെന്റര്‍ എന്നീ ഓഫീസുകളാണ് യുഎഇയിലെ ഏറ്റവും മോശപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ജനങ്ങളുടെ പ്രതീക്ഷക്ക് ഒത്ത് ഉയരേണ്ടതുണ്ടെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. 5 മുതല്‍ 10 വര്‍ഷം മുമ്പുള്ള സേവനങ്ങളല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോശം പ്രകടനം കാഴ്ച വെച്ച ജീവനക്കാരെ നീക്കം ചെയ്യാനും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News