യുഎഇയിലെ ആദ്യത്തെ ബാറ്ററി റീസൈക്ലിംഗ് യൂണിറ്റിന് തുടക്കം കുറിച്ച് മലയാളികള്‍
പരിസ്ഥിതിക്ക് ഏറെ ആഘാതം സൃഷ്ടിക്കുന്ന പഴയ ബാറ്ററികള്‍ റീസൈക്ലിംഗ് ചെയ്ത് മറ്റു ജനോപകരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന യുഎഇയിലെ ആദ്യത്തെ സ്ഥാപനത്തിന് തുടക്കം കുറിച്ച് മലയാളികള്‍
ദുബയ്: പരിസ്ഥിതിക്ക് ഏറെ ആഘാതം സൃഷ്ടിക്കുന്ന പഴയ ബാറ്ററികള്‍ റീസൈക്ലിംഗ് ചെയ്ത് മറ്റു ജനോപകരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന യുഎഇയിലെ ആദ്യത്തെ സ്ഥാപനത്തിന് തുടക്കം കുറിച്ച് മലയാളികള്‍. മലയാളികളുടെ ഉടമസ്ഥതയിലുള്ള ദുബയ് റീജന്‍സി ഗ്രൂപ്പ് ഫോര്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെയും സീഷോര്‍ ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പരിസര മലിനീകരണത്തിന് ഏറെ ആഘാതം സൃഷ്ടിക്കുന്ന ബാറ്ററിയില്‍ അടങ്ങിയ സള്‍ഫ്യൂരിക്ക് ആസിഡും പ്ലാസ്റ്റിക്കും ലെഡും പാഴാക്കാതെ നവീകരിച്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനമാണ് ദുബാറ്റ്. 110 ദശലക്ഷം ദിര്‍ഹം ചിലവിട്ട് 70,000 ച.അടിയില്‍ ദുബയ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ (ഡിഐസി)ദുബാറ്റിന് തുടക്കം കുറിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രൊമോട്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശിലാസ്ഥാപന ചടങ്ങില്‍ ഡിഐസി എംഡി സഔദ് അബൂ അല്‍ ശവാരിബ്, ദുബയ് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് മാനേജ്‌മെന്റ് വകുപ്പ് മേധാവി അബ്ദുല്‍ മജീദ്, അബ്ദുല്‍ അസീസ്, ഇന്‍ഡസ്ട്രി ആന്റ് അഡ്വാന്‍സ് ടെക്‌നോളജി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ അബ്ദുല്ല അല്‍ മഹ്‌രി എന്നിവരും സംബന്ധിച്ചു. പുതിയ സംരംഭത്തിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ നിരക്ക് കുറക്കുന്നതുള്‍പ്പെടെയുള്ള പരിസര മലിനീകരണം കുറക്കാനും കഴിയുമെന്ന് ദുബാറ്റ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ പറഞ്ഞു. ചടങ്ങില്‍ ഡയറക്ടര്‍മാരായ ഡോ. അന്‍വര്‍ അമീന്‍, ഹാഷിഖ് പികെ, ആസാദ് എപി, അബൂബക്കര്‍ എന്നിവരും സംബന്ധിച്ചു.