കുവൈത്തില്‍ 304 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് കൊവിഡ്; കര്‍ഫ്യു സമയത്തിലും അവധിയിലും മാറ്റം
കുവൈത്ത് സിറ്റി: കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഇന്ന് 109 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് വൈറസ് സ്ഥിരീകരിക്കപ്പെട്ട 79 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 304 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 79 ഇന്ത്യക്കാര്‍ക്കും നേരത്തേ അന്വേഷണത്തിലുള്ള രോഗികള്‍ വഴി സമ്പര്‍ക്കം പുലര്‍ത്തിയത് വഴിയാണ് രോഗബാധയേറ്റത്. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 8 പേര്‍ സ്വദേശികളാണ്. ഇവര്‍ സ്‌പെയിന്‍, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ യാത്ര ചെയ്തവരാണ്. മറ്റുള്ളവരില്‍ 6 ബംഗ്ലാദേശികളും 6 ഈജിപ്തുകാരും 3 പാകിസ്താനികളും 6 ഇറാനികളും ഒരു ഫിലിപ്പീന്‍സ് സ്വദേശിയുമാണ്. ഇവര്‍ക്ക് എല്ലാവര്‍ക്കും രോഗബാധയേറ്റതും നേരത്തേ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ്. മറ്റു പേരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് വരെയായി രാജ്യത്ത് രോഗബാധയേറ്റവരുടെ എണ്ണം ഇതോടെ 665ആയി. 4 പേര്‍ ഇന്ന് രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇതോടെ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 103 ആയി. 561 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.
നിലവിലെ രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ അവധി ഏപ്രില്‍ 26 വരെ ദീര്‍ഘിപ്പിക്കുകയും നിലവിലെ കര്‍ഫ്യൂസമയം വൈകീട്ട് 5 മുതല്‍ രാവിലെ 6 വരെയായി ദീര്‍ഘിപ്പിക്കുകയും ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ നിലവില്‍ ഏപ്രില്‍ 12 വരെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധിയായിരുന്നു.