ഹജ്ജിനെത്തിയ പടന്ന സ്വദേശിനി മക്കയില്‍ മരിച്ചു
മക്ക അസിസിയയിലെ കിംഗ് അബ്ദുല്ല ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റൗളാബിയാണ് മരിച്ചത്. കഴിഞ്ഞ മാസം 10ന് ആണ് മെഹ്‌റമില്ലാത്ത സ്ത്രീകള്‍ മാത്രമുള്ള കവറില്‍ പെട്ട റൗളാബി മദീനയില്‍ എത്തിയത്.
മക്ക: ഹജ്ജിനെത്തിയ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പടന്ന സ്വദേശിനി മക്കയില്‍ മരിച്ചു. മക്ക അസിസിയയിലെ കിംഗ് അബ്ദുല്ല ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റൗളാബിയാണ് മരിച്ചത്. കഴിഞ്ഞ മാസം 10ന് ആണ് മെഹ്‌റമില്ലാത്ത സ്ത്രീകള്‍ മാത്രമുള്ള കവറില്‍ പെട്ട റൗളാബി മദീനയില്‍ എത്തിയത്.
മദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി 19ന് മക്കയിലെത്തിച്ചേര്‍ന്ന റൗളാബി, ഉംറയും മറ്റും പൂര്‍ത്തിയാക്കിയതിന് ശേഷം ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫയും മുസ്ദലിഫയും കഴിഞ്ഞതിന് പിന്നാലെ ജംറയിലെ ആദ്യ കല്ലേറിനൊടുവിലാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ച ഉടനെ അത്യാസന്ന നിലയിലേക്ക് മാറുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച മകന്‍ റശീദ് റിള നാട്ടില്‍ നിന്നും ദുബൈ വഴി സൗദിയിലെത്തി മക്കയിലെ ആശുപത്രിയില്‍ എത്തിചേര്‍ന്നിരുന്നു. മൂന്ന് മക്കളാണ് റൗളബിക്ക് ഉള്ളത്.
ഖബറടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കോര്‍ഡിനേഷന്‍ ഡെസ്‌ക്കില്‍ നിന്നും മരണ വാര്‍ത്ത മുതവഫിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
മുതവഫ് ആശുപത്രിയില്‍ എത്തിയ ഉടനെ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് കുളിപ്പിക്കുന്നതിനായി മഖ്‌സലയിലേക്ക് കൊണ്ടുപോകും.കേരളാ ഹജ്ജ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ അഷ്‌റഫിന്റെയും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസില്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തുവരികയാണ്.