ജിദ്ദ: കൊവിഡ് പശ്ചാത്തലത്തില്‍ സിബിഎസ്ഇയുടെ എസ്എസ്എല്‍സി പരീക്ഷ ഒഴിവാക്കുകയും പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഇതുമൂലം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടാവുന്ന ആശങ്കകളകറ്റണമെന്നും രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളിലടക്കം നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന പൊതുപരീക്ഷ എന്ന നിലയില്‍ ഇത് വിദ്യാര്‍ഥികളെ ഏറെ കുഴയ്ക്കും. ഇതിനു ബദലായി അധികൃതര്‍ മുന്നോട്ടുവയ്ക്കുന്ന പരിഹാരങ്ങള്‍ കുറ്റമറ്റതാവേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് ചവിട്ടുപടിയാവേണ്ട പ്രസ്തുത പരീക്ഷകള്‍ വിദ്യാര്‍ഥികളുടെ പ്രകടന മികവ് അളക്കുകയോ വീണ്ടും പരീക്ഷയെഴുതിക്കുകയോ ചെയ്യുമെന്ന് പറയുന്നത് ഇതുവരെ നേടിയെടുത്ത കരിക്കുല പഠനസംവിധാനത്തെ പ്രതികൂലമായി ബാധിക്കും.
കൂടാതെ എന്‍ട്രന്‍സിലൂടെ പ്രൊഫഷനല്‍ രംഗം തിരഞ്ഞെടുക്കുന്നവര്‍ക്ക് സാധ്യതയില്ലാതാക്കുകയും വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുകയും ചെയ്യുമെന്ന് ആര്‍എസ്‌സി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടാതെയും നിലവിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സുഗമമാക്കിയും കേന്ദ്രഭരണകൂടവും സിബിഎസ്ഇയും ഈ രംഗം കൈകാര്യം ചെയ്യാന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും ആര്‍എസ്‌സി ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.