പ്രവാസികളുടെ യാത്രാച്ചെലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-04-29 16:41 GMT

ദമ്മാം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ യാത്രാ ചെലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെയും വിശിഷ്യാ കേരളത്തിന്റെയും സാമ്പത്തിക നട്ടെല്ലായി പ്രവര്‍ത്തിച്ചിരുന്ന പ്രവാസികള്‍ ഇന്ന് രോഗഭീതിയിലും തൊഴില്‍ പ്രതിസന്ധിയിലുമായി ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം പ്രയാസപ്പെടുകയാണ്. ഭൂരിഭാഗം പ്രവാസികളും ചെറിയ വരുമാനക്കാരും കാര്യമായ സമ്പാദ്യമില്ലാത്തവരും ആണെന്നിരിക്കെ യാത്രാച്ചെലവ് വഹിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ അവരുടെ യാത്ര മുടങ്ങാന്‍ ഇടവരരുത്. രാജ്യം പ്രവാസികളോട് നന്ദി കാണിക്കേണ്ട സമയമാണിതെന്നും സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

    കൊവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തില്‍ ടൊയോട്ട ബ്ലോക്കിന് കീഴില്‍ രണ്ടാം ഘട്ട ഭക്ഷണക്കിറ്റ് വിതരണം ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പ്രദേശത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വിവിധ ഭാഷകളില്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചാണ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. ഭക്ഷ്യവസ്തുക്കളുടെ വിതരണം, അത്യാവശ്യ മെഡിക്കല്‍ സഹായം എന്നിവയാണ് സോഷ്യല്‍ ഫോറത്തിന്റെ കീഴില്‍ നടത്തിവരുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അന്‍ഷാദ് ആലപ്പുഴ, സെക്രട്ടറി സജീര്‍ തിരുവനന്തപുരം ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ ഖാലിദ് ബാഖവി, ഷംസു പൂക്കോട്ടുംപാടം, നിഷാദ് നിലമ്പൂര്‍, നൂറുദ്ധീന്‍ കരുനാഗപ്പളി, ബഷീര്‍ തിരൂര്‍, ഫിറോസ് കൊല്ലം, ജലീല്‍ എന്നിവരാണു നേതൃത്വം നല്‍കുന്നത്. ഈ മേഖലകളില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് 0572396316 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.




Tags:    

Similar News