ബിജെപിയിലേക്ക് നേതാക്കളെ എത്തിച്ചു കൊടുക്കുന്ന റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2019-04-08 19:47 GMT

ദമ്മാം: ബിജെപിയിലേക്ക് നേതാക്കളെ എത്തിച്ചു കൊടുക്കുന്ന റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് വൈസ്പ്രസിഡന്റ് സലീം മുഞ്ചക്കല്‍. സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി. കോണ്‍ഗ്രസ്സ് ഉയര്‍ത്തിപ്പിടിച്ചിരുന്ന മതേതര പ്രത്യയശാസ്ത്രം ലോപിച്ചു മൃദു ഹിന്ദുത്വത്തിലേക്കും ഇപ്പോള്‍ തീവ്രഹിന്ദുത്വത്തിലേക്കും വഴിമാറി. അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയും ബീഫ് കൈവശം വെച്ചെന്നാരോപിച്ചു മധ്യപ്രദേശ് സര്‍ക്കാര്‍ ദേശദ്രോഹ വകുപ്പുകള്‍ ചുമത്തിയ നടപടികളും ഇതിനുദാഹരണമാണ്. സംവരണബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദിവസം സഭയിലെത്താതെ കല്യാണത്തിന് പോയ കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകള്‍ക്ക് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ബാലറ്റിലൂടെ മറുപടി പറയണമെന്നും സലിം മുഞ്ചക്കല്‍ ഓര്‍മിപ്പിച്ചു.

ഇടതുപക്ഷം ബിജെപിയോട് ഒപ്പം ചേര്‍ന്ന് ദലിത് മുസ്‌ലിം മതന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയായിരുന്നു ഇതുവരെ. മുന്നോക്ക സംവരണ വിഷയത്തിലടക്കം ഇത് നാം കണ്ടതാണ്. എല്ലാക്കാലവും ആര്‍എസ്എസ്സിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയിലാക്കാമെന്നുള്ള ഇരുമുന്നണികളുടെയും ധാരണ മൗഢ്യമാണെന്നും ഇതിനെതിരെ യഥാര്‍ത്ഥ ബദല്‍രാഷ്ട്രീയം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്നും കണ്‍വെന്‍ഷനില്‍

അദ്ധ്യക്ഷത വഹിച്ച സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് ഹംസക്കോയ പൊന്നാനി പറഞ്ഞു. അന്‍ഷാദ് പാണാവള്ളി, ഷംസു പൂക്കോട്ടുംപാടം, ഫ്രറ്റെണിറ്റി ഫോറം ടൊയോട്ട ഏരിയാ സെക്രട്ടറി യൂനുസ് എടപ്പാള്‍, നൂറുദ്ദീന്‍ കരുനാഗപ്പള്ളി, സജീര്‍ തിരുവനന്തപുരം സംസാരിച്ചു. 

Tags:    

Similar News