കൊറോണ വൈറസ്: ആദ്യ മരണം സ്ഥിരീകരിച്ച് കുവൈത്ത്

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇന്ത്യക്കാരനാണ് മരണമടഞ്ഞതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Update: 2020-04-04 06:22 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇന്ത്യക്കാരനാണ് മരണമടഞ്ഞതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയായിരുന്നു. ഇതിനിടയില്‍ ഇന്നലെ വൈകീട്ട് അപ്രതീക്ഷിതമായി ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം അമീരി ആശുപത്രിയില്‍ നെഞ്ചു വേദനയെ തുടര്‍ന്ന് പ്രവേശിക്കപ്പെട്ട ഇന്ത്യക്കാരന്‍ മരണമടഞ്ഞിരുന്നു. ഇയാള്‍ താമസിച്ചിരുന്നത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ താമസിച്ചിരുന്ന കെട്ടിടത്തിലായിരുന്നു. ഇതെ തുടര്‍ന്ന് മൃതദേഹത്തില്‍ നിന്നും എടുത്ത സ്രവ പരിശോധനയില്‍ ഇയാള്‍ വൈറസ് ബാധിതനായി കണ്ടെത്തിയിരുന്നു. ഇയാളുടെ മരണ കാരണം ഹൃദയാഘാതമാണോ കൊറോണ വൈറസ് മൂലമാണോ എന്നതില്‍ വ്യക്തത വരുത്തുന്നതിനു കുവൈത്ത് ആരോഗ്യമന്ത്രാലയം ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം തേടി കാത്തിരിക്കുകയാണ്. ഇതിനിടയിലാണു വൈറസ് ബാധയേറ്റ് മറ്റൊരു ഇന്ത്യക്കാരന്റെ മരണവാര്‍ത്ത പുറത്ത് വരുന്നത്. ഇതോടെ രാജ്യത്തെ ആദ്യ കൊറോണ വൈറസ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News