അഴിമതിക്കേസ്: മുന്‍ ആരോഗ്യമന്ത്രിക്കും അമേരിക്കന്‍ പൗരനും ഏഴുവര്‍ഷം കഠിനതടവും 24.3 കോടി ഡോളര്‍ പിഴയും

മുന്‍ ആരോഗ്യമന്ത്രി ഡോ.അലി അല്‍ ഉബൈദി, ആരോഗ്യമന്ത്രാലയം മുന്‍ അണ്ടര്‍ സെക്രട്ടറിമാരായ ഖാലിദ് അല്‍ സഹ്‌ലാവി, മഹമൂദ് അബ്ദുല്‍ഹാദി, യുഎസ് കമ്പനിയായ എറ്റ്‌ന മിഷേല്‍ ഡെലാമറിലെ ഇന്റര്‍നാഷനല്‍ സ്ട്രാറ്റജിക് റിസ്‌ക് പ്രസിഡന്റ് മൈക്കിള്‍ ഡെലമെറെ എന്നിവര്‍ക്കെതിരെയാണു ശിക്ഷ വിധിച്ചിരിക്കുന്നത്.

Update: 2020-01-29 05:52 GMT

കുവൈത്ത് സിറ്റി: കുവൈത്തിലും ഇന്ത്യയിലും വിവാദമായ നഴ്‌സിങ് റിക്രൂട്ട്മന്റ് തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുന്‍ ആരോഗ്യമന്ത്രിക്കും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഒരു അമേരിക്കന്‍ പൗരനും മറ്റൊരു അഴിമതി കേസില്‍ ഏഴുവര്‍ഷം കഠിനതടവും 24.3 കോടി ഡോളര്‍ പിഴ ശിക്ഷയും വിധിച്ചു. മന്ത്രിമാര്‍ക്ക് എതിരെയുള്ള കേസുകള്‍ വിചാരണചെയ്യുന്ന പ്രത്യേക മിനിസ്റ്റീരിയല്‍ കോടതിയാണു ചരിത്രവിധി പുറപ്പെടുവിച്ചിരിക്കുന്നത്. മുന്‍ ആരോഗ്യമന്ത്രി ഡോ.അലി അല്‍ ഉബൈദി, ആരോഗ്യമന്ത്രാലയം മുന്‍ അണ്ടര്‍ സെക്രട്ടറിമാരായ ഖാലിദ് അല്‍ സഹ്‌ലാവി, മഹമൂദ് അബ്ദുല്‍ഹാദി, യുഎസ് കമ്പനിയായ എറ്റ്‌ന മിഷേല്‍ ഡെലാമറിലെ ഇന്റര്‍നാഷനല്‍ സ്ട്രാറ്റജിക് റിസ്‌ക് പ്രസിഡന്റ് മൈക്കിള്‍ ഡെലമെറെ എന്നിവര്‍ക്കെതിരെയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്രതികള്‍ 10,000 ദിനാര്‍ കോടതിയില്‍ കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു.

അഴിമതി ആരോപണത്തെത്തുടര്‍ന്ന് മന്ത്രിയെ നേരത്തെ സ്ഥാനത്തുനിന്നും നീക്കുകയും പ്രതികളായ രണ്ടുദ്യോഗസ്ഥരെ ജോലിയില്‍നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരായ രണ്ട് പ്രതികളെ ജോലിയില്‍നിന്ന് പിരിച്ചുവിടാനും നാലാം പ്രതിയായ അമേരിക്കന്‍ പൗരനെ ശിക്ഷ അനുഭവിച്ച ശേഷം നാട് കടത്താനും വിധിയില്‍ ആവശ്യപ്പെട്ടു. 2014-15 കാലത്താണു കേസിനാസ്പദമായ സംഭവം. ആരോഗ്യമന്ത്രാലയാത്തിന്റെ ചട്ടങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി ഒന്നു മുതല്‍ 3 വരെയുള്ള പ്രതികള്‍ നാലാംപ്രതിയായ മൈക്കിള്‍ ഡെലമെറെയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുകയും ഇതുവഴി ഖജനാവിനു 81 മില്യന്‍ ഡോളര്‍ നഷ്ടം വരുത്തിയെന്നുമായിരുന്നു കേസ്. ഖജനാവിനു നഷ്ടം സംഭവിച്ച 81 മില്യണ്‍ ഡോളറിനു പുറമേ പിഴയായി ഇതിന്റെ രണ്ടുമടങ്ങ് തുക അടക്കം ആകെ 24.3 കോടി ഡോളര്‍ പ്രതികളില്‍നിന്നും ഈടാക്കാനും വിധിന്യായത്തില്‍ കോടതി ആവശ്യപ്പെട്ടു.

കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണു മിനിസ്റ്റീരിയല്‍ കോടതി ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നത്. കേരളത്തില്‍ പ്രമാദമായ ഉതുപ്പ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള നഴ്‌സിങ് റിക്രൂട്ട്മന്റ് തട്ടിപ്പുകേസില്‍ ആരോപണവിധേയവരാണു മന്ത്രിയും ഉദ്യോഗസ്ഥര്‍ അടക്കമുള്ള മൂന്നുപ്രതികളും. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നിയമനത്തിനു ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരില്‍നിന്ന് 15 മുതല്‍ 21 ലക്ഷം വരെ രൂപ വാങ്ങി 350 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഉതുപ്പ് വര്‍ഗീസ് നാട്ടില്‍ അറസ്റ്റിലായിരുന്നു. കേരളത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കേസ് കുവൈത്ത് പാര്‍ലമെന്റിലും ഏറെ ഒച്ചപ്പാടുകള്‍ക്ക് കാരണമായി. ഇതെത്തുടര്‍ന്ന് കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.

അന്വേഷണത്തില്‍ മന്ത്രിക്കും അണ്ടര്‍ സെക്രട്ടറിമാരായ രണ്ട് ഉദ്യോഗസ്ഥര്‍ക്കും പ്രഥമദൃഷ്ട്യാ പങ്കുള്ളതായി കണ്ടെത്തി. തെളിവുശേഖരണത്തിന്റെ ഭാഗമായി അന്നത്തെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ കെ ജയിനില്‍നിന്നും അന്വേഷണസംഘം മൊഴി രേഖപ്പെടുത്തുന്നതിനുള്ള നീക്കം നടത്തിയിരുന്നു. എങ്കിലും ആ സമയത്ത് അദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചതോടെ അന്വേഷണം വഴിമുട്ടുകയും ചെയ്തു. ഇതെ ത്തുടര്‍ന്നാണു തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം എവിടെയുമെത്താതെ അവസാനിപ്പിച്ചത്. 

Tags:    

Similar News