കൊവിഡ് ക്വാറന്റൈന്‍: കേന്ദ്ര നിര്‍ദേശത്തിനെതിരായ സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രവാസികളെ ദ്രോഹിക്കാനുള്ളത്- ഇന്ത്യന്‍ സോഷ്യല്‍ ഫോറം
കൊവിഡ് നെഗറ്റീവ് സാക്ഷ്യപ്പെടുത്തിയവര്‍ക്ക് പോലും നിര്‍ബന്ധിത ക്വാറന്റൈന്‍ അടിച്ചേല്‍പ്പിക്കുന്നത് നീതീകരിക്കാനാവില്ല.
റിയാദ്: കൊവിഡ് പരിശോധന കഴിഞ്ഞ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രവാസി സമൂഹത്തെ ദ്രോഹിക്കുന്നതാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മിറ്റി കുറ്റപ്പെടുത്തി. വളരെ അടിയന്തര ആവശ്യങ്ങള്‍ക്കോ കുടുംബത്തോടൊപ്പം ചെറിയ അവധികള്‍ ചെലഴിക്കുന്നതിനോ മാത്രമാണ് പ്രവാസികളില്‍ മിക്കവരും ഇപ്പോള്‍ യാത്രചെയ്യുന്നത്.
കൊവിഡ് നെഗറ്റീവ് സാക്ഷ്യപ്പെടുത്തിയവര്‍ക്ക് പോലും നിര്‍ബന്ധിത ക്വാറന്റൈന്‍ അടിച്ചേല്‍പ്പിക്കുന്നത് നീതീകരിക്കാനാവില്ല. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിലവില്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ യാത്രയുടെ 72 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച് ക്വാറന്റൈന്‍ ഒഴിവാക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ ഫോറം, റിയാദ് കേരള സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.