കൊവിഡ് വാക്‌സിന്‍ ഡിസംബര്‍ പകുതിയോടെ കുവൈത്തിലെത്തും

വയോധികര്‍, ദീര്‍ഘകാല രോഗികള്‍, ആരോഗ്യരംഗത്തെ മുന്‍നിര ജീവനക്കാര്‍ എന്നിവര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 18 വയസ്സിന് താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ വാക്‌സിനുകള്‍ നല്‍കരുതെന്ന് ശുപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ ഈ വിഭാഗങ്ങളെ കുത്തിവയ്പ്പില്‍നിന്ന് ഒഴിവാക്കും.

Update: 2020-12-03 12:08 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആദ്യഘട്ടത്തിലെത്തുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ അഞ്ചുശതമാനം പേരില്‍ കുത്തിവയ്പ്പ് നടത്താന്‍ സാധ്യമാവുമെന്ന് വിലയിരുത്തപ്പെടുന്നു. യുഎസ് ഔഷധ നിര്‍മാണ കമ്പനിയായ ഫൈസര്‍ കണ്ടുപിടിച്ച വാക്‌സിനാണ് ഡിസംബര്‍ പകുതിയോടെ കുവൈത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. വയോധികര്‍, ദീര്‍ഘകാല രോഗികള്‍, ആരോഗ്യരംഗത്തെ മുന്‍നിര ജീവനക്കാര്‍ എന്നിവര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 18 വയസ്സിന് താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ വാക്‌സിനുകള്‍ നല്‍കരുതെന്ന് ശുപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ ഈ വിഭാഗങ്ങളെ കുത്തിവയ്പ്പില്‍നിന്ന് ഒഴിവാക്കും.

ആദ്യഘട്ടത്തിനുശേഷം രണ്ടാംഘട്ടത്തിലായെത്തുന്ന വാക്‌സിന്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 20 ശതമാനം പേരില്‍ ഉപയോഗിക്കാന്‍ പര്യാപ്തമാവുമെന്നാണു കണക്കുകൂട്ടല്‍. വാക്‌സിന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്നും കുത്തിവയ്പ്പ് നിര്‍ബന്ധിതമാക്കില്ലെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടിയുള്ള അപ്പോയിന്റ്മെന്റ് പ്രകാരമായിരിക്കും അനുമതി നല്‍കുക.

ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചും, സമ്പര്‍ക്കം, കൂടിച്ചേരല്‍, മുതലായ അപകടസാധ്യതകള്‍ ഒഴിവാക്കി കൊണ്ടുമാണ് നിശ്ചിത ആരോഗ്യകേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് നടത്തുക. ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സിനാണു കുത്തിവയ്ക്കുക. ആദ്യഡോസ് സ്വീകരിച്ച ശേഷം മൂന്ന് മുതല്‍ നാലാഴ്ച വരെയുള്ള ഇടവേളയ്ക്കുശേഷമാണു രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ് നടത്തുക. രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുള്ള തിയ്യതി പ്രത്യേക സംവിധാനം വഴി ഓര്‍മിപ്പിക്കും.

വയോധികര്‍, ദീര്‍ഘകാല രോഗികള്‍, അംഗപരിമിതര്‍, ആരോഗ്യകാരണങ്ങളാല്‍ നിര്‍ദിഷ്ട കേന്ദ്രങ്ങളിലെത്തി കുത്തിവയ്പ്പ് നടത്താന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്ക് അവരുടെ വീടുകളില്‍ സേവനം ലഭ്യമാക്കും. ഇതിനായി പൊതുജനാരോഗ്യവകുപ്പില്‍ 20 മൊബൈല്‍ യൂനിറ്റുകള്‍ മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്. മറ്റുള്ള ഏത് വാക്‌സിനുകളും പോലെ കൊവിഡ് പ്രതിരോധവാക്‌സിന്‍ സ്വീകരിക്കുന്ന ചിലരിലും പാര്‍ശ്വഫലമുണ്ടായേക്കാം. തലവേദന, പേശീവേദന, ഉയര്‍ന്ന ശരീര താപനില മുതലായവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇത് രണ്ട് മുതല്‍ മൂന്നുദിവസം മാത്രമേ നിലനില്‍ക്കുകയുള്ളൂ. വാക്‌സിന്‍ സ്വീകരിക്കുന്ന എല്ലവര്‍ക്കും ആരോഗ്യമന്ത്രാലയം പ്രത്യേക സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഭാവിയില്‍ ഇത് പിസിആര്‍ സര്‍ട്ടിഫിക്കറ്റിന് പകരമായ രേഖയായിരിക്കും.

Tags:    

Similar News