കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഈ മാസം 30 വരെ സമ്പൂര്‍ണ്ണ കര്‍ഫ്യു
നിലവില്‍ വൈകീട്ട് 4 മണി മുതല്‍ കാലത്ത് 8 മണി വരെയാണു കര്‍ഫ്യൂ സമയം. ഇത് ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ മെയ് 30 വരെ സമ്പൂര്‍ണ്ണ കര്‍ഫ്യൂവായി തുടരും. കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് മറ്റു തീരുമാനങ്ങള്‍ ഇവയാണ്.
കുവൈത്ത്: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന അടിയന്തിര മന്ത്രി സഭായോഗത്തിലാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. നിലവില്‍ വൈകീട്ട് 4 മണി മുതല്‍ കാലത്ത് 8 മണി വരെയാണു കര്‍ഫ്യൂ സമയം. ഇത് ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ മെയ് 30 വരെ സമ്പൂര്‍ണ്ണ കര്‍ഫ്യൂവായി തുടരും. കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് മറ്റു തീരുമാനങ്ങള്‍ ഇവയാണ്.
അത്യാവശ്യ സേവന വിഭാഗത്തില്‍ പെടാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടും. കോപറേറ്റീവ് സൊസൈറ്റി, ഫാര്‍മസി, ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളിലേയും ഹോം ഡെലിവെറി സംവിധാനം നിരോധിച്ചു. മുന്‍സിപ്പാലിറ്റി, ജല വൈദ്യുതി മന്ത്രാലയം, എണ്ണ മേഖല മുതലായ വിഭാഗങ്ങളെ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കി.
കോപറേറ്റീവ് സൊസൈറ്റി, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പാചക ഗ്യാസ് വിതരണ കേന്ദ്രം എന്നിവയില്‍ എല്ലാവര്‍ക്കും ആഴ്ചയില്‍ ഒരു തവണ അപ്പോയിന്റ്മെന്റ് എടുത്ത ശേഷം സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കും. അപ്പോയിന്റ് ലഭിക്കുന്ന വ്യക്തിക്ക് മാത്രം പ്രവേശനം പരിമിതിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക ബാര്‍ കോഡ് അനുവദിക്കും.
പാര്‍പ്പിട പ്രദേശങ്ങളിലെ പലചരക്ക് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. കര്‍ഫ്യൂ കാലയളവില്‍ ബാങ്കുകളുടെ പ്രധാന ശാഖകള്‍ കുറഞ്ഞ സമയത്ത് പ്രവര്‍ത്തിക്കും.
എയര്‍ കണ്ടീഷനിംഗ്, മെയിന്റനന്‍സ് കമ്പനികള്‍ മുതലായ പൊതു സേവന സ്ഥാപനങ്ങളെ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കി. താമസ കേന്ദ്രങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 6.30 വരെ വ്യായാമത്തിന്റെ ഭാഗമായുള്ള നടത്തം അനുവദിക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കണം.
ഈ സമയത്ത് വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ല. നിലവില്‍ 7208 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 47 പേര്‍ മരണപെടുകയും ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1500 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്