ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുബൈര്‍ ഖാനെ ചുമതലയില്‍ നിന്നും പുറത്താക്കി
സ്‌കൂള്‍ ഭരണ സമിതി മുന്‍ ചെയര്‍മാന്‍ കലീം അഹ്മദിന് എതിരേയും അന്വേഷണം നടക്കുന്നതായി വിവരം ലഭിച്ചു.
ദമ്മാം: ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുബൈര്‍ഖാനെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചുമതയില്‍നിന്നും അടിയന്തിരമായി പുറത്താക്കിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. സ്‌കൂള്‍ ഭരണ സമിതി മുന്‍ ചെയര്‍മാന്‍ കലീം അഹ്മദിന് എതിരേയും അന്വേഷണം നടക്കുന്നതായി വിവരം ലഭിച്ചു. 2019ല്‍ മുന്‍ സ്‌കൂള്‍ പ്രിസിപ്പലായിരുന്ന ഷാഫി എക്‌സിറ്റ് പോയതിനെ തുടര്‍ന്നായിരുന്നു സുബൈര്‍ഖാന്‍ ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ ചുമതലയേത്.
ഇദ്ദേഹം വന്നതോടെ നിലവിലുണ്ടായിരുന്ന സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാനെയടക്കം പുറത്താക്കുകയും പ്രിന്‍സിപ്പലും പുതിയ ചെയര്‍മാനും ചേര്‍ന്നു സ്‌കൂളുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന് രക്ഷിതാക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു.
സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട സ്‌കൂള്‍ ഭരണ സമിതി നിഷ്‌ക്രിയമാണെന്ന ആരോപണംനേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സ്‌കുള്‍ ഭരണ സമിതിയെ പ്രിന്‍സിപ്പലും ചെയര്‍മാനും ചേര്‍ന്നു ഭരിക്കുകയും പല കരാര്‍ ജോലികളും ഭരണ സമിതി അറിയാതെ കൊടുക്കുന്നതായും ആക്ഷേപം ഉണ്ട്.
സാമ്പത്തിക ചുമതലകളില്‍ നിന്നും പ്രിന്‍സിപ്പലിനെ മാറ്റുകയും പകരം ചുമതലകള്‍ മുഴുവന്‍ ഫൈനാന്‍സ് കമ്മിറ്റിക്കു കീഴില്‍ കൊണ്ട് വരണമെന്ന ആവശ്യം നേരെത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നു. സ്‌കൂളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ലെന്ന ആക്ഷേപം രക്ഷിതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ വൈകിയെങ്കിലും പ്രിന്‍സിപ്പലിനെ പുറത്താക്കിക്കൊണ്ടുള്ള നടപടി വന്നത് സ്വാഗതാര്‍ഹമാണെന്ന് മുന്‍ഭരണ സമിതി അംഗങ്ങളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
സ്‌കൂളില്‍ നിന്നും പുറപ്പെടുവിക്കുന്ന എല്ലാവിധ കരാറുകള്‍ക്കും ലഭിച്ച മറുപടികളും, സ്വീകരിക്കുന്ന തീരുമാനങ്ങളും സ്‌കൂള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പൂര്‍ണമായും രക്ഷിതാക്കള്‍ക്ക് നല്‍കണമെന്നുമാണ് സാമൂഹ്യ പ്രവര്‍ത്തകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്