പാഠ്യവിഷയങ്ങള്‍ വെട്ടിമാറ്റല്‍: രാജ്യത്തിന്റെ സാമൂഹിക ചരിത്രം കുഴിച്ചുമൂടാനെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

സാമൂഹിക വൈജാത്യങ്ങളുടെ കലവറയായ ഇന്ത്യയില്‍ വിവിധ മതങ്ങളും ജാതികളും സംസ്‌കാരങ്ങളും കലകളും ഇടകലര്‍ന്നു കഴിയുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്ന വിഷയങ്ങള്‍ പാഠ്യ പദ്ധതിയില്‍ നിന്നും നീക്കാനുള്ള സംഘ പരിവാറിന്റെ കുടില തന്ത്രങ്ങള്‍ ദശാബ്ദങ്ങളായി തുടര്‍ന്ന് വരികയാണ്.

Update: 2020-07-11 17:19 GMT

ജിദ്ദ: സിബിഎസ്ഇ സിലബസില്‍ നിന്ന് സാമൂഹിക പ്രസക്തവും ചരിത്രപരവുമായ പാഠഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നടപടി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ആരോപിച്ചു.

ദേശീയത, പൗരത്വം, ഫെഡറലിസം, മതേതരത്വം തുടങ്ങി ഇന്ത്യ മഹാരാജ്യത്തിന്റെ സാമൂഹിക ചരിത്രത്തില്‍ ഒഴിച്ചു കൂടാനാകാത്തതും ജനങ്ങളില്‍ പൗരബോധം വളര്‍ത്തുന്നതുമായ പാഠ്യഭാഗങ്ങളാണ് വരും തലമുറയ്ക്ക് കാണാന്‍പോലും കിട്ടാത്ത വിധം നീക്കം ചെയ്തിട്ടുള്ളത്. സാമൂഹിക വൈജാത്യങ്ങളുടെ കലവറയായ ഇന്ത്യയില്‍ വിവിധ മതങ്ങളും ജാതികളും സംസ്‌കാരങ്ങളും കലകളും ഇടകലര്‍ന്നു കഴിയുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്ന വിഷയങ്ങള്‍ പാഠ്യ പദ്ധതിയില്‍ നിന്നും നീക്കാനുള്ള സംഘ പരിവാറിന്റെ കുടില തന്ത്രങ്ങള്‍ ദശാബ്ദങ്ങളായി തുടര്‍ന്ന് വരികയാണ്.

ദേശീയപ്രസ്ഥാനവും തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവും രാജ്യത്തെ മതങ്ങള്‍, ജാതിവ്യവസ്ഥ, രാഷ്ട്രീയ മുന്നേറ്റങ്ങള്‍, സ്ത്രീ പുരുഷ സമത്വം, നാനാത്വം, സാമൂഹിക വൈജാത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളും സംസ്‌കാരികമായി നാം നേടിയ സകലതും തമസ്‌കരിച്ച് സമൂഹത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും വഴിവെച്ച എല്ലാം കുഴിച്ചു മൂടാനുള്ള പുറപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കൊറോണ ഭീതി മൂലം ഇന്ത്യയടക്കം ലോകരാജ്യങ്ങള്‍ മനുഷ്യ ജീവന്‍നില നിര്‍ത്താന്‍ പാടുപെടുന്ന സമയത്ത് തന്നെ രാജ്യത്തെ സംസ്‌കൃതിയെ തകര്‍ത്ത് വിദ്യാഭ്യാസ മേഖല പൂര്‍ണമായി ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നത്. ദശാബ്ദങ്ങളായി തുടരുന്ന സംഘ പരിവാര്‍ ഗൂഢാലോചന അങ്ങേയറ്റം നികൃഷ്ടമാണെന്നതിന്റെ തെളിവാണിതെന്നും യോഗം ആരോപിച്ചു.

സമൂഹത്തിന്റെ ഉന്നമനവും രാജ്യത്തിന്റെ ശോഭനമായ ഭാവിയും തകര്‍ത്തു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭരണക്കാരുടെ നടപടികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും പൊതുസമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ മനുഷ്യ ജീവന് വിലകല്‍പ്പിക്കാതെയുള്ള അടിച്ചമര്‍ത്തലിലൂടെ ആധിപത്യം തുടരുന്ന സംഘ പരിവാറിന്റെ കിരാത വാഴ്ചക്ക് പൗരന്‍മാര്‍ വിധേയരാകേണ്ടി വരുമെന്നും യോഗം ആശങ്കപ്പെട്ടു.

ഓണ്‍ലൈന്‍ മീറ്റിങില്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇ എം അബ്ദുല്ല, ജനറല്‍ സെക്രട്ടരി അലി കോയ ചാലിയം, അബ്ദുല്‍ ഗനി മലപ്പുറം, മുജാഹിദ് പാഷ ബാംഗ്ലൂര്‍, റാഫി മാംഗ്ലൂര്‍, സയ്യിദ് കലന്ദര്‍, അല്‍ അമാന്‍ നാഗര്‍കോവില്‍, നാസര്‍ ഖാന്‍, ഹംസ കരുളായി, ഹനീഫ കിഴിശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.


Tags:    

Similar News