ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന് ഡിസ്പാക് നിവേദനം നല്‍കി

Update: 2019-06-30 12:20 GMT

ദമ്മാം: ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ടസ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ കലീം അഹ്മദിന് സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് നിവേദനം നല്‍കി. ഉയര്‍ന്ന ക്ലാസുകളില്‍ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുക, സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സുഗമമാക്കുക, സ്മാര്‍ട്ട് ലൈബ്രറി നടപ്പിലാക്കുക, കായിക കലാദിനം സംഘടിപ്പിക്കുക, അടിയന്തിര ഫയര്‍ ഡ്രില്ലുകള്‍ നടത്തുക, സി പി ആര്‍ പരിശീലനം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള ചെലവുകളായ ഇക്കാമ ഫീസ്, കുടുംബ ലെവി മുതലായവ കണക്കിലെടുത്ത് ട്യൂഷന്‍ ഫീസ് കുറയ്ക്കുക. ഗതാഗത ഫീസ് ഉള്‍പ്പെടെ എല്ലാ കുട്ടികളില്‍ നിന്നും അക്കാദമിക് വര്‍ഷത്തിന്റെ തുടക്കത്തില്‍ ശേഖരിക്കുന്ന വിവിധ ഫീസുകള്‍ നിറുത്തുക. അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ ഇല്ലാതാക്കുക, ക്ലാസുകളില്‍ വേണ്ടത്ര പഠിപ്പിക്കാന്‍ അവരെ അനുവദിക്കുക, എല്ലാ അദ്ധ്യാപകരുടെയും പ്രകടനം പ്രതിമാസ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിന് ഒരു സര്‍വേ നടത്തുന്നതും അധ്യാപകവിദ്യാര്‍ഥികളുടെ ഇടപെടലുകളും സുഗമമായ ബന്ധങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടികാട്ടി.

ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ് മുതലായ കായിക ഇനങ്ങളില്‍ പ്രഫഷനല്‍ പരിശീലകരെ നിയമിക്കുക, സ്‌കൂള്‍ സിലബസിന്റെ ഭാഗമായി സംഗീതം, നൃത്തം, സംഗീത ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക, യോഗ്യതയുള്ളപ്രഫഷനല്‍ അധ്യാപകരെ നിയമിക്കുക, സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത നിലനിര്‍ത്തുന്നതിന് വെബ്‌സൈറ്റില്‍ നല്‍കിയ കരാറുകള്‍ പരസ്യം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ക്ലസ്റ്റര്‍ മീറ്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്ല ഭക്ഷണവും ഹോട്ടല്‍ താമസവും യാത്ര സൗകര്യവും ഒരുക്കുക, പിടിഎ കമ്മറ്റി രൂപീകരിക്കുക, വിദ്യാര്‍ഥികളുടെ അറിവും കഴിവുകളും പ്രചോദിപ്പിക്കുന്നതിന് പ്രമുഖ സര്‍വകലാശാലകള്‍, അന്താരാഷ്ട്ര ഐടി കമ്പനികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് ഫീല്‍ഡ് ട്രിപ്പുകള്‍ അവതരിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ സൂചിപ്പിച്ചു. ഫൗണ്ടേഷന്‍ ദിനം, അവാര്‍ഡ് ദാന ചടങ്ങ് മുതലായവയ്ക്കായി രക്ഷാകര്‍തൃ സമൂഹത്തെ ക്ഷണിക്കുക, വിവിധ കായിക വിനോദങ്ങള്‍ക്കായി ഗേള്‍സ് സ്‌കൂള്‍ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഉപയോഗിക്കുന്നത് അനുവദിക്കുന്നത് തുടരുക, എല്ലാ ടോയ്‌ലറ്റുകളിലും ക്ലാസ് റൂമുകളിലും ശുചിത്വം കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

വരും ദിവസങ്ങളില്‍ ചേരുന്ന സ്‌കൂള്‍ ഭരണ സമിതിയില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ചെയര്‍മാന്‍ കലീം അഹ്മദ് ഉറപ്പ് നല്‍കി. സ്‌കൂള്‍ ഭരണ സമിതി അംഗം കെ എം തിരുനാവാക്കരശും സന്നിഹിതനായിരുന്നു. ഡിസ്പാക് പ്രസിഡന്റ് ഷഫീക് സി കെ, ജന: സെക്രട്ടറി മുജീബ് കളത്തില്‍ മറ്റു ഭാരവാഹികളായ നജീബ് അരഞ്ഞിക്കല്‍, ഷമീം കാട്ടാകട, റെജി പീറ്റര്‍ , സാദിഖ് അയ്യാരില്‍, അസ്‌ലം ഫറോക്, ബീന്‍സ് മാത്യു, ഷൗബീര്‍ എന്നിവരാണ് ഡിസ്പാക്കിനെ പ്രതിനിധീകരിച്ച് ചെയര്‍മാനെ സന്ദര്‍ശിച്ചത്. 

Tags:    

Similar News